ഹജ്ജ് : ഇന്ന് നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിവച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം നൽകുന്നതിന് വെള്ളിയാഴ്ച നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റി. വിവിധ സംസ്ഥാനങ്ങളിൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകാത്തതി നെത്തുടർന്നാണിത്.
മുംബൈയിലെ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഓഫീസിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായി നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. അടുത്തയാഴ്ച നറുക്കെടുപ്പ്നടക്കുമെന്നുമാത്രമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുള്ളത്. തീയതി നിശ്ചയിച്ചിട്ടില്ല.
സെപ്റ്റംബർ 30 വരെ ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചിരുന്നു. പിന്നീട് നാലു ദിവസം മാത്രമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് ലഭിച്ചത്. കവർ നമ്പറുകളാണ് നറുക്കെടുക്കുന്നത്. 65 വയസ്സിന് മുകളിലുള്ളവർക്കും പുരുഷ മെഹ്റമില്ലാത്ത വനിതകൾക്കും നറുക്കെടുപ്പില്ലാതെ അവസരം നൽകും.