ഒക്ടോബര്‍ മാസത്തെ റേഷൻ വ്യാഴാഴ്ചമുതല്‍ ; ഓരോ കാര്‍ഡിനും അനുവദിച്ചിട്ടുള്ള വിഹിതം

സംസ്ഥാനത്തെ ഒക്ടോബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി (വ്യാഴം) മുതല്‍ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകള്‍ക്കും അനുവദിച്ചിട്ടുള്ള, 2024 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം അന്നേ ദിവസം മുതല്‍ വിതരണം ചെയ്യുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. എന്നാല്‍ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 30 (തിങ്കള്‍) ന് അവസാനിച്ചിരിക്കുകയാണ്. ഈ മാസം ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് അവധിയായിരിക്കുമെന്നും പൊതുവിതരണ വകുപ്പ് അറിയിച്ചു.
ഓരോ റേഷൻ കാർഡിനും അർഹമായ വിഹിതങ്ങളുടെ വിവരം
അന്ത്യോദയ അന്നയോജന (എഎവൈ – മഞ്ഞ) കാർഡിന് – 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്ബും സൗജന്യമായും ലഭിക്കുന്നതാണ്. എന്നാല്‍ ഏഴ് രൂപ നിരക്കില്‍ രണ്ട് പായ്ക്കറ്റ് ആട്ടയും ലഭിക്കുന്നതാണ്.
മുൻഗണന വിഭാഗം ( പി എച്ച് എച്ച്- പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്ബിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ചിട്ടുണ്ട്. അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒമ്ബത് രൂപാ നിരക്കില്‍ ലഭിക്കുന്നതാണ്.
പൊതു വിഭാഗം (എൻ പി എസ് – നീല) കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപാ നിരക്കില്‍ റേഷൻ കടകളില്‍ നിന്ന് ലഭിക്കും.
പൊതു വിഭാഗം (എൻ പി എൻ എസ് – വെള്ള) കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ എന്ന നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (എൻ പി ഐ – ബ്രൌണ്‍) ബ്രൌണ്‍ കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90/- രൂപാ നിരക്കില്‍ ലഭിക്കും.