October 23, 2024

മരുന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക : പാരസെറ്റാമോളടക്കം 50 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

Share

 

ദില്ലി : രാജ്യത്ത് വിതരണം ചെയ്യുന്ന 53 ല്‍ പരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയില്‍ തെളിഞ്ഞു. കാല്‍സ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 50-ലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) 53 മരുന്നുകളെ ഗുണനിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു. സംസ്ഥാന ഡ്രഗ് ഓഫീസർമാർരാണ് പ്രതിമാസ ഗുണനിലവാര പരിശോധന നടത്തുന്നത്.

 

വൈറ്റമിൻ സി, ഡി3 ഗുളികകള്‍ ഷെല്‍കാല്‍, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെല്‍സ്, ആൻറി ആസിഡ് പാൻ-ഡി, പാരസെറ്റമോള്‍ ഗുളികകള്‍, ഐപി 500 മില്ലിഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെല്‍മിസാർട്ടൻ എന്നിവയുള്‍പ്പെടെയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

 

ഹെറ്ററോ ഡ്രഗ്‌സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎല്‍), കർണാടക ആൻ്റിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആൻഡ് ക്യൂർ ഹെല്‍ത്ത്‌കെയർ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിർമ്മിക്കുന്നത്.

 

ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ, പിഎസ്‍യു ഹിന്ദുസ്ഥാൻ ആൻ്റിബയോട്ടിക് ലിമിറ്റഡ് (HAL) നിർമ്മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ടോറൻ്റ് ഫാർമസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ & ക്യൂർ ഹെല്‍ത്ത്‌കെയർ നിർമ്മിച്ചതുമായ ഷെല്‍കലും പരിശോധനയില്‍ പരാജയപ്പെട്ടു. കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിംഗ് ലാബ് അല്‍കെം ഹെല്‍ത്ത് സയൻസിൻ്റെ ആൻറിബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവ വ്യാജമാണെന്നും കണ്ടെത്തി.

 

ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്കായി നിർദ്ദേശിക്കപ്പെട്ട സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെൻഷൻ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. കർണാടക ആൻറിബയോട്ടിക്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കല്‍സ് ലിമിറ്റഡിൻ്റെ പാരസെറ്റമോള്‍ ഗുളികകളും ഗുണനിലവാരമില്ലാത്തതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.