വയനാട്ടിൽ യു.ഡി.എഫിൽ ഭിന്നത : ജില്ലാ യുഡിഎഫ് കൺവീനർ രാജിവച്ചു

കൽപ്പറ്റ : വയനാട് യുഡിഎഫ് കൺവീനർ കെ.കെ.വിശ്വനാഥൻ രാജിവച്ചു. ഡിസിസി പ്രസിഡന്റ് എല്ലാ പരിപാടികൾക്കും വിലങ്ങുതടിയായി നിൽക്കുന്നുവെന്നാരോപിച്ചാണ് രാജി.
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമായിരുന്നു രാജി. യുഡിഎഫ് മെമ്പർമാരെ പോലും ഫോണിൽ വിളിക്കാൻ അനുവാദമില്ലെന്നും ഡിസിസി പ്രസിഡന്റ് ഉപജാപക സംഘവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജിവച്ചെന്ന് അറിയിച്ചു പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമാണ്. കെപിസിസിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ വിഭാഗത്തിൽനിന്ന് ഒരു വിഭാഗത്തെയും ചേർത്തുപിടിച്ചാണ് ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ പാർട്ടി വിട്ടുപോകുമെന്നും വിശ്വനാഥൻ കുറിപ്പിൽ പറയുന്നു.
ജില്ലയിൽ ഡിസിസി പ്രസിഡന്റും മറ്റു നേതാക്കളും തമ്മിൽ ഇടക്കാലത്ത് ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും എൻ.ഡി.അപ്പച്ചനും തമ്മിൽ ചീത്ത വിളിക്കുന്ന ഫോൺ സംഭാഷണമുൾപ്പെടെ പുറത്തു വന്നിരുന്നു. തുടർന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെയുള്ളവർ എത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രശ്നം ഒതുക്കിയത്. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനത്തിന് എഐസിസി ഭാരവാഹികളായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർ ഇന്ന് വയനാട്ടിൽ എത്താനിരിക്കെയാണ് വിശ്വനാഥന്റെരാജി.