September 22, 2024

താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരൻ, ചവിട്ടി പുറത്താക്കിയാലും പോരാടും : മുഖ്യമന്ത്രിക്ക് അൻവറിൻെറ മറുപടി

1 min read
Share

 

മലപ്പുറം : മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവര്‍ എംഎല്‍എ. താൻ മാത്രമല്ല, ഇഎംഎസും പഴയ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിവി അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോണ്‍ഗ്രസില്‍ നിന്നാണ് വന്നതെന്നുമുള്ള പിണറായി വിജയന്‍റെ ആരോപണത്തിനുള്ള മറുപടിയായാണ് പിവി അൻവറിന്‍റെ മറുപടി.

 

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും തനിക്ക് വെറെ വഴിയില്ലായിരുന്നുവെന്നും പിവി അൻവര്‍ പറഞ്ഞു. ഇഎംഎസ് പഴയ കോണ്‍ഗ്രസുകാരൻ അല്ലേ?. അതുപോലെ താനും പഴയ കോണ്‍ഗ്രസുകാരൻ തന്നെയാണ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് എംആര്‍ അജിത് കുമാറിന്‍റെ പ്രസ്താവനയാണ്. മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിയുടെ അതേ വാദമാണ്. മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞ് ആളാകാൻ താനില്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കിയാലും താൻ പാര്‍ട്ടിയില്‍ നിന്ന് പോരാടുമെന്നും പിവി അൻവര്‍ എംഎല്‍എ പറഞ്ഞു.

 

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അൻവർ എംഎല്‍എയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചുമായിരുന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. പരാതിയുണ്ടെങ്കില്‍ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അൻവർ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

 

മുഖ്യമന്ത്രിയുടെ വിമർശനത്തോട് കടുത്ത ഭാഷയിലാണ് പ്രതികരിച്ച്‌ നിലമ്ബൂരിലെ ഇടത് എംഎല്‍എ പിവി അൻവർ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു. ശശിയുടെ പ്രവ‍ർത്തനം മാതൃകാപരമല്ല, സ്വർണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്, മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണ്, തൻ്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്, ഇഎംഎസും മുൻപ് കോണ്‍ഗ്രസായിരുന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ട് അൻവർ വാർത്താ സമ്മേളനത്തില്‍ മറുപടി പറ‌ഞ്ഞത്.

 

പോലീസിന് എന്തും പിടിക്കാനുള്ള അധികാരം ഉണ്ട്. എന്നാല്‍ പ്രതിയെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് കൈമാറണം. അതാണ് നിയമം അനുശാസിക്കുന്നത്. പി ശശിയുടെ പ്രവർത്തനം മാതൃകാപരം എന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായം. ആ അഭിപ്രായമല്ല തനിക്ക്. തന്‍റെ വീട്ടിലെ കാര്യങ്ങളല്ല പി ശശിയോട് ആവശ്യപ്പെട്ടത്. ഷാജൻ സ്കറിയയുടെ അടുത്ത് നിന്ന് പണം കൈകൂലി വാങ്ങി ജാമ്യം വാങ്ങി നല്‍കിയത് പി ശശിയും എ ഡിജിപിയുമാണ്.

 

ചെറ്റത്തരമെന്ന് പറഞ്ഞുകൊണ്ടാണ് താൻ തന്നെ ഫോണ്‍ ചോർത്തല്‍ പുറത്തുവിട്ടതെന്ന് അൻവർ പറ‌ഞ്ഞു. എന്നാലത് ജനനന്മ ലക്ഷ്യമിട്ട് ചെയ്തതാണ്. പൊലീസിലെ മനോവീര്യം തകരുന്നവർ 4-5 ശതമാനം വരുന്ന ക്രിമിനലുകള്‍ക്കാണ്. മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ മാറുമ്ബോള്‍ നിലപാട് മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാണോ മുഖ്യമന്ത്രിയെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.