ഇനി സ്വകാര്യ വാഹനങ്ങള്‍ക്ക് 20 കിലോമീറ്റര്‍ ദൂരം വരെ ടോള്‍ ടാക്സ് ഇല്ല ; ദേശീയപാത നിയമങ്ങളില്‍ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍
ദേശീയപാത നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോള്‍ നിരക്കുകളില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങള്‍ക്ക് ആയിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ ഗുണമുണ്ടാവുന്നത്.
സ്വകാര്യ വാഹന ഉടമകള്‍ക്ക് പ്രയോജനം ചെയ്യുന്ന 2008ലെ ദേശീയ പാത ഫീസ് (നിരക്കുകളും ശേഖരണവും നിശ്ചയിക്കല്‍) ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം ഫങ്ഷണല്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) ഉള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് ടോള്‍ ടാക്സ് ഇളവുകള്‍ ലഭിക്കുന്നതായിരിക്കും.
ജിഎൻഎസ്‌എസ് സജ്ജീകരിച്ചിട്ടുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും പ്രതിദിനം 20 കിലോമീറ്റർ വരെ യാതൊരു ടോള്‍ ടാക്സും ഈടാക്കില്ല. 20 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ ആണെങ്കില്‍ യാത്രാ ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ഫീസ് ഈടാക്കുന്നത് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.