വാർഡ് പുനർവിഭജനം : വയനാട്ടിൽ 43 വാർഡുകൾ വർധിക്കും

കൽപ്പറ്റ : തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വർധിക്കുക 43 വാർഡുകൾ. ജില്ലാപഞ്ചായത്തിൽ ഒന്നും ബ്ലോക്കുപഞ്ചായത്തുകളിൽ അഞ്ചും ഗ്രാമപ്പഞ്ചായത്തുകളിൽ മുപ്പത്തിയേഴും വാർഡുകളാണ് ജില്ലയിൽ അധികമായി വരുക. ജില്ലാപഞ്ചായത്തിൽ പതിനാറും നാല് ബ്ലോക്കുപഞ്ചായത്തുകളിലായി അമ്പത്തിനാലും 28 ഗ്രാമപ്പഞ്ചായത്തുകളിലായി 413 വാർഡുകളുമാണ് ഇപ്പോൾജില്ലയിലുള്ളത്.
തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണവാർഡുകളുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. വാർഡുകൾ വർധിച്ചതിനൊപ്പം സംവരണസീറ്റുകളിലും വർധനയുണ്ടായി. ജില്ലാപഞ്ചായത്തിലെ ഒരുവാർഡ് വർധിച്ചതിനൊപ്പം സംവരണസീറ്റിലും വർധനയുണ്ട്. 12 സംവരണസീറ്റുകളുള്ളത് 13 ആയി ഉയർന്നു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ വർധിച്ച അഞ്ചുവാർഡുകളിൽ രണ്ടണ്ണം കൽപ്പറ്റയിലും മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം എന്നിവിടങ്ങളിൽ ഒന്നു പട്ടികജാതി വീതവുമാണ്.
ഗ്രാമപ്പഞ്ചായത്തുകളിലുള്ള 413 വാർഡുകൾ 450 എണ്ണമായി ഉയരും. വെള്ളമുണ്ട, കണിയാമ്പറ്റ, മുട്ടിൽ ഗ്രാമപ്പഞ്ചായത്തുകളിൽ മൂന്നു വാർഡുകൾവീതവും തിരുനെല്ലി, തൊണ്ടർനാട്, എടവക, അമ്പലവയൽ, മീനങ്ങാടി, നൂൽപ്പുഴ, പൊഴുതന, പടിഞ്ഞാറത്തറ, ഗ്രാമപ്പഞ്ചായത്തുകളിൽ രണ്ടു വാർ ഡുകൾവീതവും മറ്റുപഞ്ചായത്തുകളിൽ ഒരു വാർഡുവീതവുമാണ് വർധിക്കുക.
തദ്ദേശസ്ഥാപനങ്ങളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകളുള്ളത് വെള്ളമുണ്ട, നെന്മേനി, പനമരം ഗ്രാമപ്പഞ്ചായത്തുകളിലാണ്. 24 വീതം വാർഡുകളാണിവിടെയുള്ളത്. 14 വീതം വാർഡുകളുള്ള വെങ്ങപ്പള്ളി, കോട്ടത്തറ, തരിയോട് ഗ്രാമപ്പഞ്ചായത്തുകളിലാണ് കുറവുവാർഡുകൾ. ജില്ലാപഞ്ചായത്തിൽ ഒൻപത് ഡിവിഷനുകളിൽ സ്ത്രീസംവരണമാണ്. ഒരു പട്ടിക സംവരണവും മൂന്ന് പട്ടികവർഗ സംവരണവും രണ്ട് പട്ടികവർഗ സ്ത്രീസംവരണവും ഇതിലുൾപ്പെടും. ബ്ലോക്കുപഞ്ചായത്തുകളിൽ 30 ഡിവിഷനുകളിലാണ് സ്ത്രീസംവരണം. ഒരു പട്ടികജാതി സംവരണവും 11 പട്ടികവർഗ സംവരണവും ഏഴ് പട്ടികവർഗ സ്ത്രീസംവരണവും ഇതിലുൾപ്പെടും. ഗ്രാമപ്പഞ്ചായത്തുകളിൽ 17 പട്ടികജാതി സംവരണം, രണ്ട് പട്ടികജാതി സ്ത്രീസംവരണം, 88 പട്ടികവർഗ സംവരണം, 43 പട്ടികവർഗ സ്ത്രീ സംവരണം എന്നിവയുൾപ്പെടെ 282 സീറ്റുകളിൽ സ്ത്രീസംവരണമുണ്ട്. ജനങ്ങളിൽനിന്നുള്ള നിർദേശങ്ങളും പരാതികളും സ്വീകരിച്ച ശേഷം മാത്രമേ പുതിയവാർഡുകൾ ഏതൊക്കെയെന്ന് തീരുമാനിക്കുകയുള്ളൂ.