രാത്രി ലൈറ്റ് ഇട്ട് ഉറങ്ങുന്നത് പ്രമേഹ സാധ്യത കൂട്ടുമെന്ന് പഠനം
1 min read
നല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നല്ല ഉറക്കമെന്ന് പറഞ്ഞാല്‍ ഗുണനിലവാരമുള്ള ഉറക്കം എന്നാണ് അർഥമാക്കുന്നത്. പലർക്കും പല രീതിയിലാണ് ഉറക്കശീലങ്ങള്‍. ചിലർക്ക് ലൈറ്റ് ഇട്ടാല്‍ ഉറക്കം പോകുമെങ്കില്‍, മറ്റ് ചിലർക്ക് മുറിയില്‍ വെളിച്ചമില്ലാതെ ഉറങ്ങാൻ കഴിയില്ല. എന്നാല്‍ രാത്രി ഇത്തരത്തില്‍ ലൈറ്റിട്ട് ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വന്ന പുതിയ പഠനത്തില്‍ പറയുന്നത്.
വളരെ എളുപ്പത്തില്‍ പരിഷ്‌ക്കരിക്കാവുന്ന പാരിസ്ഥിതിക ഘടകമാണ് പ്രകാശം. അത് നമ്മുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിന് ശരീരത്തില്‍ ഒരു സർക്കാഡിയൻ റിഥം ഉണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ശരീരത്തിൻ്റെ കേന്ദ്ര സർക്കാഡിയൻ ക്ലോക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സമയ സൂചകമാണ് പ്രകാശം. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും താളങ്ങളെ ഏകോപിപ്പിക്കുന്നു.
എന്നാല്‍ രാത്രിയില്‍ പ്രകാശം ഏല്‍ക്കുന്നതിലൂടെ ഈ സർക്കാഡിയൻ റിഥം തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവർത്തന വൈകല്യത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യതയും വർധിപ്പിക്കുമെന്ന് ഓസ്‌ട്രേലിയയിലെ ഫ്ലിന്‍ഡേഴ്‌സ് സര്‍വകലാശാല ഗവേഷകർ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
85,000 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരോരുത്തരും തങ്ങളുടെ കൈത്തണ്ടയില്‍ ഒരു ലൈറ്റ് സെന്‍സര്‍ ധരിച്ചിരുന്നു. അത് പകലും രാത്രിയും അവര്‍ക്കുണ്ടാകുന്ന ലൈറ്റ് എക്‌സ്‌പോഷന്‍ രേഖപ്പെടുത്തി. ഒൻപതു വർഷം നടത്തിയ പഠനത്തില്‍ രാത്രി 12.30 മുതല്‍ രാവിലെ ആറ് മണി വരെ ലൈറ്റിന്റെ വെളിച്ചത്തില്‍ കിടന്നുറങ്ങിയവര്‍ക്ക് ടൈപ്പ് 2 പ്രമേഹം സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി.
രാത്രിയില്‍ ലൈറ്റ് എക്സ്പോഷൻ കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നും ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത്- യൂറോപ്പ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്നിരുന്നാലും ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനും വെളിച്ചവും പ്രമേഹവും തമ്മിലുള്ള ബന്ധം കൂടുതല്‍ മനസിലാക്കുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.