September 20, 2024

കർഷകർക്കുനേരേ ആക്രമണം : ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേർകൂടി അറസ്റ്റിലായി

1 min read
Share

 

പുൽപ്പള്ളി : കുടക് ജില്ലയിലെ സോമവാർപേട്ടയിൽ മലയാളികളായ കർഷകരെ ആക്രമിച്ച ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർകൂടി അറസ്റ്റിലായി. ഇരുളം വെളുത്തിരിക്കുന്ന് അമൽ രവീന്ദ്രൻ (28), ചെറുകുന്നേൽ അരുൺ രാജ് (28), കൊളറാട്ടുകുന്ന് ആണ്ടിവീട്ടിൽ ഷിബിൻ (28) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെല്ലാം പുല്പള്ളി സ്വദേശികളാണ്.

 

കർഷകരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും തട്ടിക്കൊണ്ടു പോയെന്നുമാണ് കേസ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കർണാടകയിൽ നിന്നെത്തിയ പോലീസും പുല്പള്ളി പോലീസ് ഇൻസ്പെക്ടർ പി. സുഭാഷിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതികളെ പിടികൂടിയത്. സോമവാർപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

ഈ കേസുമായി ബന്ധപ്പെട്ട് മാർച്ച് അവസാനവാരം പുല്പള്ളി സ്വദേശികളായ സുരഭിക്കവല ഷൈബി (48), സുബിൻ (31), ജോമോൻ (31) ടുട്ടു (30) എന്നിവരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം മടിക്കേരി സബ് ജയിലിൽ റിമാൻഡിലാണ്. ഈ കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് വിവരം.

 

കഴിഞ്ഞ മാർച്ച് 17 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോമവാർപേട്ട അബുൻഗട്ടിയിൽ 16 വർഷത്തോളമായി കൃഷി ചെയ്തുവരുന്ന പുല്പള്ളി സ്വദേശി നടക്കുഴയ്ക്കൽ ജോസ് (77), മകൻ സാബു ജോസ് (48) എന്നിവരെയാണ് ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചത്. മൂന്ന് വാഹനങ്ങളിലായെത്തിയ ഒമ്പത് പേരാണ് അക്രമണം നടത്തിയതെന്നാണ് പരാതി. സാബു ജോസിന്റെ കൈവശത്തിലുള്ള ഭൂമിയുടെ അവകാശവാദമുന്നയിച്ചാണ് പുല്പള്ളി സുരഭിക്കവല സ്വദേശി ഷൈബിയും സംഘവും സ്ഥലത്തെത്തിയത്.

 

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി രേഖകളും സാധനങ്ങളും തീയിട്ടു നശിപ്പിച്ചെന്നും വീട്ടിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ അപഹരിച്ചുവെന്നുമാണ് കേസ്. ഇരുവരേയും മർദിച്ച് വാഹനത്തിൽ കയറ്റി രാത്രി കുട്ടത്തിനടുത്ത ശ്രീമംഗലയിൽ റോഡിൽ ഉപേക്ഷിക്കു കയായിരുന്നു. പുലർച്ചെ ഇരുവരും ശ്രീമംഗല പോലീസ് സ്‌റ്റേഷനിൽ അഭയം തേടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള മറ്റു പ്രതികളെ അന്വേഷിച്ച് പലതവണ കർണാടക പോലീസ് പുല്പള്ളിയിലെത്തിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.