കാട്ടുപന്നി വീട്ടിലേക്ക് ഓടിക്കയറി ; ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കൽപ്പറ്റ : വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളാരംകുന്ന് വരിക്കോട്ടിൽ മുഹമ്മദ് (55), ഭാര്യ സുഹറ (45), അയൽവാസിയായ എട്ടുവയസ്സുകാരൻ വെള്ളിത്തൊടിക അനസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മുഹമ്മദും സുഹറയും അനസും മുഹമ്മദിന്റെ സഹോദരൻ ജാഫറിൻ്റെ വീടിൻ്റെ വരാന്തയിലിരിക്കുമ്പോഴാണ് പന്നിയുടെ ആക്രമണമുണ്ടായത്. സമീപത്തെ തോട്ടത്തിൽനിന്ന് കാട്ടുപന്നി
വീടിന്റെ വരാന്തയിലേക്ക് ഓടിക്കയറുകയായിരുന്നു.
പന്നിയുടെ കുത്തേൽക്കുകയും വീഴുകയും ചെയ്തതിനെത്തുടർന്ന് മൂന്നുപേർക്കും പരിക്കേറ്റു. മുഹമ്മദിനും സുഹറയ്ക്കും കൈക്കും കാലിനും പരിക്കേറ്റു. അനസിന് മുഖത്തും പരിക്കേറ്റു. മൂന്നുപേരെയും കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.