കുന്നമ്പറ്റയിൽ നാടന്‍ തോക്കുമായി മൃഗവേട്ടക്കിറങ്ങിയ കേസ് ; ഒളിവിലായിരുന്ന രണ്ട് പേർ പിടിയിൽ
മേപ്പാടി : നാടന്‍ തോക്ക് കൈവശം വെച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പേരെ മേപ്പാടി പോലീസ് പിടികൂടി. തോണിച്ചാല്‍ കള്ളാടിക്കുന്ന് വീട്ടില്‍ മിഥുന്‍ (22), മാനന്തവാടി കല്ലിയോട്ട് വീട്ടില്‍ കെ.കെ. ബാബു(47) എന്നിവരെയാണ് എസ്.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ നാടന്‍ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘത്തിലെ മുഴുവന്‍ പേരും പിടിയിലായി.
മാനന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് വീട്ടില്‍ ബാലചന്ദ്ര(32)നെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. പോലീസ് തുടരന്വേഷണം നടത്തി വരവേ കേസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ജോലിക്ക് കാത്തിരിക്കുന്ന മിഥുനെ രക്ഷിക്കാന്‍ വേണ്ടി അച്ഛനായ മണി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുകയും താനാണ് കുറ്റം ചെയ്തതെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യങ്ങളില്‍ ശാസ്ത്രീയാന്വേഷണം നടത്തിയ പോലീസ് കള്ളങ്ങള്‍ പൊളിച്ച് ഒളിവിലായിരുന്ന യഥാര്‍ത്ഥ പ്രതിയായ മിഥുനെ പിടികൂടുകയാരുന്നു
കഴിഞ്ഞ മാസം മൂന്നിന് പുലര്‍ച്ചെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തവെയാണ് കുന്നമ്പറ്റയിലെ ഒരു റിസോര്‍ട്ടിനു സമീപം നാടന്‍ തോക്കുമായി മൃഗ വേട്ടക്കിറങ്ങിയ സംഘത്തിലെ ഒരാള്‍ പിടിയിലാവുകയും കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തത്. ബാലചന്ദ്ര(32)നാണ് പിടിയിലായത്. അനന്തര നടപടികള്‍ക്കായി മേപ്പാടി പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് സംഘമെത്തി ബാലചന്ദ്രനെ അറസ്റ്റ് ചെയ്യുകയും മുതലുകള്‍ ബന്തവസിലെടുക്കുകയും സംഘത്തിനെതിരെ ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമീര്‍, ഫൈസല്‍, റഷീദ്, സുനില്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.