പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ കൈവശപ്പെടുത്തി ഭീഷണി ; യുവാവ് റിമാന്‍ഡില്‍
മേപ്പാടി : മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
മൂപ്പൈനാട് റിപ്പണ്‍ പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ് (22) നെയാണ് മേപ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സാമൂഹികമാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് മോഡലിംങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ കൈവശപ്പെടുത്തി പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.