വയനാട്ടിൽ വീണ്ടും കടുവ ആക്രമണം : കബനിഗിരിയില്‍ പശുക്കിടാവിനെ കൊന്ന് തിന്നു
പുല്‍പ്പള്ളി : പുല്‍പ്പള്ളിയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കൊന്ന് തിന്നു. തൊഴുത്തില്‍ ഉണ്ടായിരുന്ന മറ്റൊരു പശുവിനെയും കടുവ ആക്രമിച്ചു. കബനിഗിരി പുഴിപ്പുറത്ത് മാമ്മച്ചന്റെ വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിരുന്ന ഏഴ് മാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ ഭക്ഷിച്ചത്. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് വയസ് പ്രായമുള്ള കറവപശുവിനെയും കടുവ ആക്രമിച്ചു. പശുവിന് കഴുത്തിന് ഉള്‍പ്പെടെ മാരകമായ പരുക്കാണ് ഉള്ളത്.
ഇന്ന് പുലര്‍ച്ച മൂന്നരയോടെയാണ് സംഭവം. പശുക്കളുടെ കരച്ചില്‍ കേട്ട് കൂട്ടിലെ ലൈറ്റ് ഇട്ടുവെങ്കിലും കടുവ പശു കിടാവിനെ വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പിന്നീട് രാവിലെ 200 മീറ്റര്‍ മാറി പശു കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പശുക്കിടാവിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് സ്ഥീരികരിച്ചു. തുടര്‍ന്ന് വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തി. പ്രദേശത്ത് നാലോളം ക്യാമറകള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.