മോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം – കെ.സി വേണുഗോപാൽ എം.പി
കൽപ്പറ്റ : ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദി രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം.പി. കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെയും ജാതിയുടേയും പേരിൽ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്യണമെന്ന നിലപാടുമായാണ് അവർ മുന്നോട്ടു പോകുന്നത്. ഇത്രയും ദിവസം താൽപര്യം കാണിക്കാതെ പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടപ്പിലാക്കിയത് പ്രത്യേക ലക്ഷ്യം വെച്ചാണെന്നും ഇതിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിലേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചിരുന്നു. പ്രഗത്ഭരായ നേതാക്കളെല്ലാം എത്തിയെങ്കിലും സിപിഎം പങ്കെടുത്തില്ല. അവർക്ക് ഇന്ത്യാമുന്നണിയെന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധം മാത്രമാണെന്നും, ആത്മാർഥത ഒട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായിട്ടല്ല വയനാട്ടിൽ മത്സരിക്കുന്നത്. രാജ്യത്തെ പല മണ്ഡലങ്ങളിലും മത്സരിക്കാൻ പറഞ്ഞെങ്കിലും വയനാടുമായുള്ള അഞ്ചുവർഷത്തെ അടുപ്പവും അനുഭവവും കൊണ്ടാണ് വീണ്ടും ഇവിടെ തന്നെ മത്സരിക്കാൻ അദ്ദേഹം എത്തുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
പ്രസംഗത്തിൻ്റെ പേരിൽ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിട്ടും, മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും ഭയക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് പോരാട്ടം നടത്തുന്നയാളാണ് രാഹുൽ ഗാന്ധി. ഒരു നോട്ടീസ് കിട്ടിയാൽ പേടിച്ച് മാളത്തിലെളിച്ച്
ഒത്തുതീർപ്പാക്കുന്നവരാണ് ഇപ്പോൾ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതെന്നും വേണുഗോപാൽ പറഞ്ഞു. കലാപഭൂമിയായ മണിപ്പൂരിൽ പോകാൻ മോദി തയ്യാറായില്ല. വളരെ അടുത്തായിട്ടു കൂടി സിദ്ധാർഥൻ്റെ വീട്ടിലെത്തി കുടുംബത്തെ
ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയും തയ്യാറായില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും നടപ്പിലും മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കുകയെന്ന ദൗത്യവുമായാണ് രാഹുൽ ഗാന്ധി രാജ്യത്തുടനീളം സഞ്ചരിച്ചത്. കലാപഭൂമിയായിരുന്ന മണിപ്പൂരിൽ ആദ്യമായി പോകാൻ ധൈര്യം കാണിച്ച നേതാവായിരുന്നു രാഹുൽ ഗാന്ധി. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 21 ക്രിമിനൽ കേ ളാണ് രാഹുൽ ഗാന്ധിക്കെതിരെ എടുത്തിട്ടുള്ളത്. ഒരു കേസ് 38 തവണ മാറ്റിവെച്ച നാട്ടിലാണിത് സംഭവിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പിണറായി വിജയനല്ല, മോദിയെ താഴെയിറക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.ഹംസ അധ്യക്ഷനായിരുന്നു. അബ്ബാസലി ശിഹാബ് തങ്ങൾ, എംഎൽഎമാരായ അഡ്വ. ടി.സിദ്ധിഖ്, എ.പി അനിൽകുമാർ, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, ജില്ലാ യു.ഡി.എഫ് ചെയർമാൻ കെ.കെ അഹമ്മദ് ഹാജി, പി.ടി മാത്യം, പി.പി ആലി, ജോസ് തലച്ചിറ, കെ.കെ അബൂബക്കർ, എം.പി നവാസ്, എൻ.കെ റഷീദ്, പി.ഇസ്മയിൽ, എം.എ ജോസഫ്, പ്രവീൺ തങ്കപ്പൻ, ഒ.വി അപ്പച്ചൻ, സലീം മേമന, ഹാരിസ്, സി.മൊയ്തീൻകുട്ടി, അഡ്വ. ടി.ജെ ഐസക് തുടങ്ങിയവർ സംബന്ധിച്ചു.
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി യു.ഡി.എഫ് ടി.ഹംസ ചെയർമാനായും, പി.പി ആലി ജനറൽ കൺവീനറായും, അഡ്വ ടി.ജെ ഐസക് ട്രഷററായും, 101 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപെടുന്ന 1001 അംഗ കമ്മിറ്റി രൂപീകരിച്ചു.