March 16, 2025

വയനാട്ടിലേക്ക് ചുരം ഇല്ലാതെയുള്ള ബദൽ പാത : പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് സാധ്യത പരിശോധനയ്ക്ക് 1.50 കോടി അനുവദിച്ചു

Share

 

കൽപ്പറ്റ : വയനാട്ടിലേക്ക് ചുരം ഇല്ലാതെയുള്ള ബദൽ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ നിർമ്മാണ സാധ്യത പരിശോധനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി. റോഡ് നിർമ്മാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികൾക്ക് 1.50 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. വയനാട്ടിലേക്ക് കുരുക്കിൽ പെടാതെയും ചുരമില്ലാതെയും എളുപ്പത്തിൽ എത്തുക എന്ന കാൽ നൂറ്റാണ്ടായുള്ള ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലേക്കാണ് ഇത് വഴിവെക്കുന്നത്.

 

കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റർ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ പാത. ഇതിൽ 10.61 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 18.22കിലോമീറ്റർ വയനാട് ജില്ലയിലും ആണ്.

 

വനമേഖലയിലൂടെയുള്ളതായതിനാൽ 25 വർഷമായി സാങ്കേതിക കുരുക്കളിൽപ്പെട്ട് മുടങ്ങികിടക്കുകയാണ് ഈ റോഡിന്റെ നിർമാണം. ചുരമില്ലാതെയുള്ള ഈ ബദൽ പാത യാഥാർഥ്യമായാൽ മലയോരത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി അത് മാറും. ദൂരം കുറഞ്ഞതും വനഭൂമി ഏറ്റവും കുറവ് ഏറ്റെടുത്താൽ മതി എന്നതുമാണ് ഈ പാതയുടെ സവിശേഷത. പാതയുടെ ആകെയുള്ള 28.83 കിലോമീറ്ററിൽ 12.940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്.

 

നേരത്തെ ബദൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നുവെങ്കിലും പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിർത്തി വരെ റോഡ് നിർമ്മാണം പൂർത്തിയാക്കിയതോടെ നിർമാണം വീണ്ടും നിലച്ചു. നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയിൽ 20.770 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വിട്ടു നൽകിയിരുന്നു. എന്നിട്ടും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതാണ് റോഡിന്റെ നിർമ്മാണം നിലയ്ക്കാൻ കാരണം.

 

പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വച്ചത്. കഴിഞ്ഞ നവകേരള സദസ്സിൽ ഈ പാത യാഥാർത്ഥ്യമാക്കേണ്ട ആവശ്യകതയെ കുറിച്ച് ചില നിർദ്ദേശങ്ങൾ വന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിതന്നെ ഇക്കാര്യം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം മറ്റ് വകുപ്പുകളുമായി ചേർന്ന് ഉദ്യോഗസ്ഥ തലത്തിൽ വനം ഉൾപ്പെടെയുള്ള സ്ഥലത്തിന്റെ പ്രാഥമിക പരിശോധന നടത്തി. ആ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റോഡിന്റെ സാധ്യത പരിശോധിക്കുന്ന ഇൻവെസ്റ്റിഗേഷൻ നടപടികളിലേക്ക് കടക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.