May 11, 2025

പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണം ളോഹ ഇട്ടവരെന്ന വിവാദ പരാമര്‍ശം ; ബിജെപി ജില്ലാ പ്രസിഡൻ്റിനെ സ്ഥാനത്തുനിന്നും നീക്കി 

Share

 

പുൽപ്പള്ളി : ബിജെപി വയനാട് ജില്ലാ അധ്യക്ഷനെ മാറ്റി. കെ.പി മധുവിനെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണ ളോഹ ഇട്ടവരാണെന്ന പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

 

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായാണ് പൊലീസ് കേസെടുത്തതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിൻ്റെ നിലപാട്.

 

‘ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ..പിടിക്കെടാ അവരെ… തല്ലെടാ… എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായത്. അതിനുശേഷമാണ് സംഘര്‍ഷവും കല്ലേറും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരില്‍ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ല” എന്നായിരുന്നു കെ.പി മധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രസ്തുത വിവാദ പരാമര്‍ശം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടിയെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.