പുൽപ്പള്ളിയിൽ ജനരോഷം ആളിക്കത്തുന്നു : വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി, ചത്ത മൂരിക്കൂട്ടന്റെ ജഡം ബോണറ്റിൽ കെട്ടിയിട്ടും പ്രതിഷേധം
പുല്‍പ്പള്ളി : കടുവ ആക്രമണത്തില്‍ ചത്ത മൂരിക്കൂട്ടന്റെ ജഡവുമായി ടൗണില്‍ പ്രതിഷേധം. അമ്പത്താറ് വാഴയില്‍ ബേബിയുടെ മൂരിക്കിടാവിനെയാണ് ഇന്നു പുലര്‍ച്ചെ കടുവ കൊന്നത്. മൂരിക്കുട്ടന്റെ ജഡവുമായി ടൗണില്‍ എത്തിയ ജനക്കൂട്ടം ബസ്സ്റ്റാന്‍ഡ് പരിസരത്ത് റോഡില്‍ വനം വകുപ്പിന്റെ വാഹനം തടഞ്ഞു. ജഡം വനം വകുപ്പിന്റെ വാഹനത്തിന്റെ ബോണറ്റില്‍ വെച്ച് അധികാരികള്‍ക്കെതിരെ മുദ്രാവക്യം മുഴക്കി. ജഡത്തിനു സമീപം വാഹനത്തില്‍ ‘വനം-വന്യജീവി വകുപ്പ്’ എന്നെഴുതിയ റീത്ത് വെച്ചു.
വെള്ളിയാഴ്ച കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടക്കുന്ന ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൂരിക്കുട്ടന്റെ ജഡവുമായി ആളുകള്‍ എത്തിയത്. പോളിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന നാട്ടുകാര്‍ ടൗണിലെത്തിയ വനം വകുപ്പ് ജീപ്പ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിട്ടു. വാഹനത്തിന്റെ റൂഫ് വലിച്ചു കീറി.
സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളടക്കമുള്ളവരുമായി ചര്‍ച്ച നടത്തിവരികയാണ്. പോലീസിനെ വന്‍തോതില്‍ ടൗണില്‍ വിന്യസിച്ചിട്ടുണ്ട്. പുല്‍പള്ളിയിലും സമീപങ്ങളിലും ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ സംസ്ഥാന മുഖ്യ വനം-വന്യജീവി പാലകന്‍ ഉത്തരവായിട്ടുണ്ട്. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിയും വീശി.