കാട്ടാന ആക്രമണം; കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചു
പുൽപ്പള്ളി : കട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുല്‍പ്പള്ളിയില്‍ എത്തിച്ചു. ഇന്നലെ രാവിലെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടാകുന്നത്. പിന്നീട് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാക്കം മേഖലയില്‍ നിന്ന് കുറുവ ദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. അതേസമയം പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലയെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള എല്‍ഡിഎഫ്- യു ഡി എഫ് – ബി.ജെ.പി ഹര്‍ത്താല്‍ വയനാട് ജില്ലയില്‍ പൂർണമാണ്. വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മുള്ളൻകൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം ഏറ്റു വാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.