ജില്ലയിലെ അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും – ജില്ലാ കളക്ടര്‍
കൽപ്പറ്റ : ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.
പൊതുജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് പരിധികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി, സേവന ലഭ്യത എന്നിവ പരിശോധിക്കും. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. പരിശോധനയുടെ അടിസ്ഥാനത്തില്‍ നാലുമാസ കാലയളവില്‍ പഞ്ചായത്ത് അധികൃതര്‍ പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് പരാതി നല്‍കാം. ഗ്രാമപഞ്ചായത്ത് പരിധികളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.