എന്‍എച്ച്എം വാഹനത്തിന് നേരെയുണ്ടായ ആക്രമണം ; നാലുപേര്‍ റിമാന്‍ഡില്‍
കൽപ്പറ്റ : എന്‍എച്ച്എം ഒദ്യോഗിക വാഹനത്തിനും ഡ്രൈവര്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായ നാലുപേര്‍ റിമാന്‍ഡില്‍. തൃക്കൈപ്പറ്റ സ്വദേശികളായ വനീരാട്ടില്‍ ബേസില്‍ (22), മുണ്ടുപാറ അഞ്ചലമൂട്ടില്‍ അനന്തു (21), മുക്കംകുന്ന് കിഴക്കേവീട്ടില്‍ പ്രണവ് (22), വെള്ളിത്തോട് കളത്തൂര്‍ മെല്‍വിന്‍ (22) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ മേപ്പാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിമാളത്തായിരുന്നു കേസിനാസ്പദമായ സംഭവം. അടിയന്തരപ്രാധാന്യമുള്ള സിക്കിള്‍ സെല്‍ പി.ഒ.സി കിറ്റ് വിതരണം ചെയ്യാനെത്തിയതായിരുന്നു എന്‍എച്ച്എം വാഹനം. ഹെല്‍മറ്റ് ധരിക്കാതെ കെഎല്‍ 12 പി 6790 ബൈക്കില്‍ സഞ്ചരിക്കുകയിരുന്ന മൂന്നംഗ സംഘം പ്രകോപനമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ ഓഫിസിലെ ഡ്രൈവര്‍മാരായ സച്ചിന്‍ ബിജു, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വാഹനത്തിന്റെ ഒരുവശത്തെ ഗ്ലാസും റെയിന്‍ ഗാര്‍ഡും മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം അടിച്ചുതകര്‍ത്തിരുന്നു. സച്ചിന്‍ ബിജുവിന്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. വിഷ്ണുവിന് കൈക്കാണ് പരിക്ക്. ഇതുസംബന്ധിച്ച് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ജില്ലാ പോലിസ് മേധാവിക്കും മേപ്പാടി സി.ഐക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.