May 9, 2025

തുടർഭരണം കിട്ടിയപ്പോൾ തെറ്റായ പ്രവണതകൾ തലപൊക്കി : വ്യക്തിയേക്കാൾ വലുത് പാർട്ടി- എം.വി ഗോവിന്ദൻ 

Share

 

മേപ്പാടി : രണ്ടാമതും സി.പി.എം അധികാരത്തിലെത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾക്ക് പൊറുക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ സാധിക്കണം. മേപ്പാടിയിൽ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.

 

ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നൽ പലർക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. വ്യക്തിയെക്കാളും വലുത് പാർട്ടിയാണ്. ഒരുപാട് വ്യക്തികൾ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒരു പ്രവണതയും തങ്ങളില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ഉറച്ച ബോധം മുന്നോട്ടുള്ള യാത്രയില്‍ ഓരോ കമ്യൂണിസ്റ്റ്കാരനും ഉണ്ടാവണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. നാട്ടിലെ നിരവധിയായ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുകളില്‍ മത ബിംബങ്ങളെ പ്രതിഷ്ഠിച്ച് വോട്ട് തേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പി.യുടെയും നീക്കം അപകടകരവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയോടെ ടൗണില്‍ നടന്ന പ്രകടനത്തിന് ശേഷമായിരുന്നു പൊതുയോഗം.

 

പാര്‍ട്ടി സംസ്ഥാന സമിതി അംഗം സി.കെ.ശശീന്ദ്രന്‍, ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, എ.എന്‍.പ്രഭാകരന്‍,വി.ഹാരീസ്, തുടങ്ങിയവര്‍ സംസാരിച്ചു. വി.പി.ശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.