സിമന്റ് വിലയില്‍ വൻ ഇടിവ് ; കോവിഡ് കാലത്തെ വിലയിലേക്കെത്തി
നിർമാണത്തിന് പൂർണവിരാമംവന്ന കോവിഡുകാലത്തെ അതേ നിലയിലേക്കെത്തി സിമന്റ് വില. ഒരുമാസംമുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോള്‍ 340. ഒന്നാംനിര സിമന്റിന്റെ മൊത്തവിതരണവിലയാണിത്. ചില്ലറവില്‍പ്പന വിപണിയില്‍ അഞ്ചുമുതല്‍ പത്തുവരെ കൂടും. ലൈഫ് ഉള്‍പ്പെടെയുള്ള സർക്കാർ പദ്ധതികളുടെ നിർമാണം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിലച്ചതും സ്വകാര്യ നിർമാണമേഖലയിലെ മാന്ദ്യവുമാണ് കാരണം. കരാറുകാരുടെ മെല്ലെപ്പോക്കും ഒരുവിഷയമാണ്.
രണ്ടുവർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിലെത്തിയിരുന്നു. പുതിയ കമ്പനികളുടെ വരവും അമിതമായ ഉദ്പാദനവുമാണ് വിലയിടിവിന് കാരണമായത്. അധികകാലം സൂക്ഷിച്ചുവെക്കാനാകില്ല എന്നതിനാല്‍ ആനുകൂല്യം പരമാവധി നല്‍കി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമാതാക്കള്‍. എന്നാല്‍ ചില്ലറവില്‍പ്പനക്കാർ വില 400-ന് മുകളില്‍ കാണിച്ചാണ് വില്‍ക്കുന്നത്. അധികമായി നല്‍കുന്ന ഇളവ് തുക കമ്പനി രണ്ടുമാസംകഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്.
തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിടവ്യപാരികള്‍ക്കിത് പ്രശ്നമാവുന്നുണ്ട്. 25 ചാക്കില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി നേരിട്ട് സിമന്റ് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇത് ചെറുകിടവ്യാപാരികളെ ബാധിച്ചുതുടങ്ങി. പലരും പൂട്ടിപ്പോകുകയാണ്. മാർച്ചുവരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കമ്പനികള്‍ നല്‍കുന്നത്.