പുൽപ്പള്ളിയിൽ ഉത്സവത്തിനെത്തിയ സൈനികനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് : കാലിനു പൊട്ടൽ
പുൽപ്പള്ളി : പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ സൈനികനെ പൊലീസ് മർദിച്ചതായി ആരോപണം. വലതുകാലിനു പൊട്ടലേറ്റ മുള്ളൻകൊല്ലി സ്വദേശി പഴയമ്പ്ലാത്ത് കെ.എസ്.അജിത്ത് (28) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജനുവരി 5 ന് രാത്രി ടൗൺ പരിസരത്തെ ഗ്രീൻവാലിയിൽ വച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും അജിത്തും തമ്മിൽ തർക്കമുണ്ടായത്. ടൗണിലേക്കുള്ള വാഹന ഗതാഗതം തടഞ്ഞതാണ് അജിത്തിനെ പ്രകോപിതനാക്കിയത്. പുല്പള്ളി സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ അജിത്തിൻ്റെ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പോലീസുകാരുമായി തർക്കമുണ്ടായി.
ബൈക്കുമായി പൊലീസ് തടസ്സം ഭേദിച്ച് പോകാനുള്ള ശ്രമം പൊലീസുകാർ തടഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ വഴക്ക് അടിപിടിയിലെത്തി. കൂടുതൽ പൊലീസുകാരെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ചും പൊലീസുകാർ മർദിച്ചെന്നാണു മൊഴി. കാലിലെ പൊട്ടലിനു പുറമേ ദേഹമാസകലം പാടുകളുമുണ്ട്. 15 ഓളം പേർ ചേർന്നു തന്നെ ക്രൂരമായി മർദിച്ചെന്നാണ് അജിത് പറയുന്നത്.
എന്നാൽ പ്രശ്നങ്ങളുടെ കാരണക്കാരൻ അജിത്താണെന്നും പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. താലപ്പൊലി ഘോഷയാത്ര കണക്കിലെടുത്ത് ടൗണിലേക്കുള്ള വാഹന ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പൊലീസുകാരെ അജിത് ഹെൽമറ്റും വടിയുമുപയോഗിച്ച് ആക്രമിച്ചെന്നും നാട്ടുകാർ ഇടപെട്ടാണു രക്ഷിച്ചതെന്നുമാണ് പൊലീസ് വാദം. പൊലീസ് വാഹനമെത്തിച്ച് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത അജിത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഉത്സവം കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പൊലീസുകാരെ ഇവിടെ ഡ്യൂട്ടിയിൽ നിയോഗിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നും ഒരതിക്രമവുമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. ഉത്തർപ്രദേശിൽ ലാൻസ്നായക് ആയ അജിത് ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സൈനിക ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.
പോലീസ് മർദനത്തിൽ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി. മേജർ മനു അശോകിന്റെ നേതൃത്വത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്സിലെ മുപ്പതോളം പട്ടാളക്കാർ ഏറ്റെടുത്ത് ആദ്യം ബാരക്സിലേക്കും പിന്നീ ട് കണ്ണൂർ സൈനികാശുപത്രിയിലേക്കും മാറ്റിയത്. ജവാന്റെ ബന്ധുക്കൾ അജിത്ത് ജോലി ചെയ്യുന്ന ഉത്തർപ്രദേശ് 301 ലൈറ്റ് റെജിമെന്റ്റിൽ വിവരമറി യിച്ചതിനെത്തുടർന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പട്ടാളംഇടപെട്ടത്.