September 20, 2024

കുഴിനിലത്ത് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍

1 min read
Share

 

തലപ്പുഴ : കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.

 

ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.

 

അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവം അറിഞ്ഞയുടന്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചാണ് അഭിജിത്തിനു ഷോക്കേറ്റത്. ഇവിടെ ഇന്‍സുലേഷന്‍ പതിച്ചിരുന്നെങ്കിലും ഇത് പറിഞ്ഞു പോയതാണ് ഷോക്കേല്‍ക്കാനിടയായത്.

 

പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്കല്‍ വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിട്ടുണ്ട്.

 

മാനന്തവാടി എസ്.ഐമാരായ കെ.കെ. സോബിന്‍, ടി.കെ. മിനിമോള്‍, എ.എസ്.ഐ. കെ.വി. സജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. വിപിന്‍, റോബിന്‍ ജോര്‍ജ്, കെ.ഡി. രാംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍ പി.വി. അനൂപ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

 

വയനാട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി. സുമേഷിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ടീമും കെ.എസ്.ഇ.ബി. തവിഞ്ഞാല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ശിവദാസിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ഇ.ബി. അധികൃതരും ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.