മയക്കുമരുന്നു കേസില്‍ അഞ്ചുമാസത്തിന് ശേഷം ഒരാൾ കൂടി അറസ്റ്റിൽ
കല്‍പ്പറ്റ: മയക്കുമരുന്നുകടത്തിന് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യംചെയ്തു വിട്ടയച്ചയാളെ വിളിച്ചുവരുത്തി വീണ്ടും അറസ്റ്റുചെയ്തു. പന്തീരാങ്കാവ് പെരുമണ്ണ പട്ടരുമറ്റത്തില്‍ അബ്ദുല്‍ഗഫൂറിനെയാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
ജൂലൈ നാലിന് മുത്തങ്ങ ചെക്‌പോസ്റ്റില്‍ 98 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. കേസില്‍ ഫസീര്‍ എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഇയാള്‍ അഞ്ചുമാസമായി റിമാന്റിലാണ്.
ഫാസിറിന്റെയും അബ്ദുല്‍ഗഫൂറിന്റെയും ഫോണ്‍ വിളികളുടെയും ടവര്‍ ലൊക്കേഷനുകളുടെയും വിശദാംശം കേസ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
അബ്ദുല്‍ ഗഫൂറിന്റെയും ഭാര്യയുടെയും ബാങ്ക് ഇടപാടുകളും പരിശോധിച്ചു. തുടരന്വേഷണത്തില്‍ ഫാസിറും അബ്ദുള്‍ഗഫൂറും ഒരുമിച്ചാണ് ബംഗളൂരുവില്‍ എത്തിയതെന്നും മഡിവാളയില്‍ മുറിയെടുത്ത് ധാരണയോടെയാണ് എം.ഡി.എം.എ വാങ്ങിയതെന്നും കണ്ടെത്തി. മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഫാസിറിന് അബ്ദുല്‍ഗഫൂര്‍ സാമ്പത്തികസഹായം നല്‍കിയതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് അബ്ദുല്‍ഗഫൂറിനെ അറസ്റ്റുചെയ്തത്.