കടബാധ്യത : കല്ലോടിയിൽ കർഷകൻ തൂങ്ങിമരിച്ചു
മാനന്തവാടി : ക്ഷീരകർഷകനെ വീടിനു സമീപത്തുള്ള തോട്ടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളിൽ തോമസ് (ജോയി-58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിസമ്മ. മക്കൾ: സിജോ, സിൽജ. മരുമക്കൾ: ശില്പ, ബിജു.
കടബാധ്യത മൂലമാണ് തോമസ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. കല്ലോടി ക്ഷീരസംഘത്തിൽ പാലളക്കുന്ന തോമസിന്റെ മുപ്പതു ലിറ്ററോളം കറവയുള്ള പശു മാസങ്ങൾക്കു മുമ്പ് ചത്തിരുന്നു. മറ്റു രണ്ടു പശുക്കൾകൂടി തോമസിനുണ്ട്. പശുക്കളെ വാങ്ങാനും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനുമായി എടുത്ത വായ്പകൾ അടച്ചു തീർക്കാനുണ്ടെന്ന് തോമസിന്റെ സഹോദരന്റെ മകൻ ജിനീഷ് പറഞ്ഞു.
കല്ലോടിയിലെ കേരള ഗ്രാമീൺ ബാങ്ക്, മക്കിയാടുള്ള ബാങ്ക് ഓഫ് ബറോഡ ശാഖകളിൽ നിന്നാണ് വായ്പയെടുത്തത്. പലരിൽ നിന്നും കൈവായ്പയും സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ വായ്പയ്ക്ക് ജാമ്യവും നിന്നിരുന്നു. തോമസിനു പത്തുലക്ഷത്തിലധികം രൂപയുടെ ബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാളെ ഉച്ചയ്ക്കു ശേഷം കല്ലോടി സെയ്‌ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.