പുല്‍പ്പള്ളി സര്‍വീസ് ബാങ്ക് വായ്പ തട്ടിപ്പ് ; കെ.കെ അബ്രഹാമിന്റെത് ഉൾപ്പെടെ 4.34 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം അടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇ.ഡി അന്വേഷണസംഘം കണ്ടുകെട്ടി. 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കള്‍ എന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.കെ അബ്രഹാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിവെടുത്തത്. കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം ആയിരുന്നു കെ.കെ അബ്രഹാം കസ്റ്റഡിയില്‍ കഴിഞ്ഞത്. നവംബര്‍ പത്തിന് കെ.കെ അബ്രഹാമിനെ പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ സജീവന്‍ കൊല്ലപ്പള്ളി യും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ എട്ടരക്കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തട്ടിപ്പില്‍ പത്ത് പേര്‍ക്കെതിരെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. തട്ടിപ്പിന് ഇരയായ പുല്‍പ്പള്ളി കേളക്കവലയിലെ രാജേന്ദ്രന്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതും നിയമനടപടികള്‍ ആരംഭിച്ചതും.