കുതിപ്പ് തുടര്‍ന്ന് സ്വർണവില, റെക്കോഡിനരികെ; പവന് 50,000 കടന്നേക്കും
സംസ്ഥാനത്ത് സ്വർണവില പിടിതരാതെ കുതിക്കുന്നു. ഈ മാസത്തിൽ വലിയ കുതിപ്പാണ് സ്വർണ വിലയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 22 കാരറ്റ് സ്വർണം പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 45,440 രൂപയായി. 45,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വർധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി.
24 കാരറ്റ് സ്വർണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വർധിച്ച് 49,568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വർധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവില ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോഡ് സൃഷ്ടിച്ചേക്കും. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന നിരക്ക്. സമീപ ദിവസങ്ങളില്‍ തന്നെ സ്വർണ വില ഈ റെക്കോർഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത. സ്വർണവിലയിലെ കുതിപ്പ് ഈ നിലയിൽ തുടർന്നാൽ നവംബർ പകുതിയോടെ സ്വർണ വില 50,000 കടന്നേക്കുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒക്ടോബർ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബർ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കുതിക്കുകയായിരുന്നു. പവന് വില 45,000 ത്തിന് മുകളിലേക്ക് എത്തിയതോടെ ഒരു പവന്‍ സ്വർണാഭരണം വാങ്ങുന്നതിനായി 50000 ത്തില്‍ മുകളില്‍ ചെലവാക്കേണ്ട അവസ്ഥയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം നല്‍കിയാല്‍ പോലും ജി എസ് ടിയും മറ്റും ചേർത്ത് വില 50000 കടക്കും.