എടവക സ്വദേശിയായ യുവാവിന്റെ ആത്മഹത്യ : അഞ്ചുപേർ അറസ്റ്റിൽ
മാനന്തവാടി : എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ ഹൗസില്‍ അജ്മല്‍ (24) തൂങ്ങി മരിച്ച സംഭവത്തില്‍ അഞ്ചുപേർ അറസ്റ്റിൽ. അജ്മലിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കട്ടയാട് ഗീതാലയം സജേഷ് (44), പുതുശ്ശേരി തെക്കേതില്‍ വിശാഖ് (23), പുതുശ്ശേരി മച്ചാനിക്കല്‍ അരുണ്‍ എം.ബി (23), പാണ്ടിക്കടവ് പാറവിളയില്‍ ശ്രീരാഗ് (21), വെണ്മണി അരിപ്ലാക്കല്‍ മെല്‍ബിന്‍ മാത്യു (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്.
അജ്മലിന് പ്രതികളില്‍ ഒരാളുടെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നതായും, ആയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ഞായറാഴ്ച ഇവര്‍ അജ്മലിനെ സുഹൃത്ത് വഴി അഗ്രഹാരം പുഴയ്ക്ക് സമീപം വിളിച്ച് വരുത്തി സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പിന്നീട് ഇവര്‍ അജ്മലിന്റെ ഫോണുകള്‍ വാങ്ങിവെച്ച ശേഷം അജ്മലിനെ വീടിന്റെ പരിസരത്ത് കാറില്‍ കൊണ്ടുവിടുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അജ്മലിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമവും, പ്രേരണയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാരണത്താലാണ് വിവിധ വകുപ്പുകള്‍ കൂട്ടി ചേര്‍ത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ചിലര്‍ മുമ്പും മറ്റ് ചില കേസുകളില്‍ പ്രതികളായവരാണ്. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അഞ്ച്‌പേരും ചേര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അജ്മലിനെ സുഹൃത്ത് വഴി ഫോണില്‍ വിളിച്ച് അഗ്രഹാരം പുഴക്ക് സമീപം എത്താന്‍ ആവശ്യപ്പെട്ടത്. സുഹൃത്തിനൊപ്പം എത്തിയ അജ്മലിനെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അജ്മലിന്റെ രണ്ട് മൊബൈലുകള്‍ ബലം പ്രയോഗിച്ച് വാങ്ങിയെടുത്ത് വീട്ടിലേക്ക് കൊണ്ട് വിട്ടു. അജ്മലിന്റെ കഴുത്ത്, ഇടതു കൈ, മൂക്ക്, പുറംഭാഗം, കാല്‍മുട്ട് എന്നിവിടങ്ങളില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു.
മാനന്തവാടി സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീം, എസ്.ഐമാരായ കെ.കെ സോബിന്‍, ടി.കെ മിനിമോള്‍, സി.സുരേഷ്, എസ്.സി.പി.ഒമാരായ സാഗര്‍ രാജ്, സരിത്ത്, സി.പി.ഒമാരായ മനു അഗസ്റ്റിന്‍, പി.വി അനൂപ്, ശരത്ത്, സി.എം സുശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.