പുരുഷനെ സ്ത്രീയാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണിയാമ്പറ്റ : പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുരുഷന്‍ സ്ത്രീയായി. വരദൂര്‍ പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലിവയല്‍ ലോവർകണ്ടിക വീട്ടിൽ കെ.എ അക്ഷയകുമാറിന്റെ (41) പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പിഴവ് സംഭവിച്ചത്. സെപ്റ്റംബര്‍ 11 -ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അക്ഷയകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗത്ത് ‘മെയില്‍’ എന്നാണ് ചേര്‍ത്തതെങ്കിലും അടുത്ത ഖണ്ഡികയില്‍ 171 സെന്റി മീറ്റര്‍ ഉയരവും 76 കിലോഗ്രാം തൂക്കവുമുള്ള ‘ഫീമെയില്‍’ എന്നാണ് ഉള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ന്യൂനതയിൽ അക്ഷയുടെ ഭാര്യ ശ്രീപത്മ അതൃപ്തി രേഖപ്പെടുത്തി.
സെപ്റ്റംബർ 10 – നായിരുന്നു വരദൂര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായിരുന്ന അക്ഷയകുമാര്‍ മരിച്ചത്. കുളിക്കുന്നതിനിടെ ഇദ്ദേഹം ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. എന്നാൽ അക്ഷയകുമാറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ശ്രീപത്മ ജില്ലാ പോലീസ് മേധാവിക്കും ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. നന്നായി നീന്താൻ അറിയുന്ന അക്ഷയ് സുപരിചിതമായ പുഴയിൽ മുങ്ങിമരിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദ്ദേഹത്തിൽ ഏതാനും ലോട്ടറി ടിക്കറ്റുകളും 500 രൂപയും ഉണ്ടായിരുന്നു. കീശയിൽ ലോട്ടറിയും പണവും വെച്ച് അതേ ഷർട്ടും ധരിച്ച് ആരെങ്കിലും പുഴയിലേക്ക് കുളിക്കാൻ ഇറങ്ങുമോ എന്നതാണ് ഭാര്യ ശ്രീപത്മ ഉയർത്തുന്ന ചോദ്യം. അക്ഷയകുമാർ മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹത നീങ്ങിയിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് ഡി.വൈ.എസ്.പി അക്ഷയ കുമാറിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.