വായ്പ അടച്ചു തീര്‍ത്തിട്ടും ആധാരം തിരികെ നല്‍കാന്‍ വൈകി ; 4.65 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ
മേപ്പാടി : വായ്പ അടച്ചു തീര്‍ത്തിട്ടും ഈടായി നല്‍കിയ ആധാരം തിരികെ നല്‍കാന്‍ വൈകിയതിന് ബാങ്ക് അധികൃതരോട് നഷ്ടപരിഹാരം നല്‍കാന്‍ വിധി.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ അനുകൂല വിധി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടിക്രമപ്രകാരം വായ്പ തുക അടച്ചിട്ടും ബാങ്ക് അധികൃതര്‍ ആധാരം തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് മേപ്പാടി സ്വദേശി പി.കെ പ്രസന്ന നല്‍കിയ പരാതിയിലാണ് നടപടി.
പ്രസന്നയുടെ ഭര്‍ത്താവ് പരേതനായ എം.കെ.ബാലകൃഷ്ണന്‍ നായര്‍ മേപ്പാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്നും വായ്പയെടുത്തിരുന്നു. ഈ വായ്പ തുകയാണ് ഒറ്റത്തവണയായി അടച്ചു തീര്‍ത്തിട്ടും ബാങ്ക് അധികൃതര്‍ ആധാരം തിരികെ നല്‍കാതിരുന്നത്. തുടര്‍ന്ന് പ്രസന്ന ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. വിധി പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനകം ആധാരം പരാതിക്കാരിക്ക് തിരികെ നല്‍കാനും നഷ്ടപരിഹാരമായി 4,50,000 രൂപയും പരാതിയുടെ ചെലവിലേക്കായി 15,000 രൂപയും ഉള്‍പ്പടെ 4.65,000 പരാതിക്കാരിക്ക് നല്‍കാന്‍ ബാങ്ക് അധികൃതരോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
വിധി പകര്‍പ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആധാരം തിരികെ നല്‍കിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 5000 രൂപ പിഴ നല്‍കണം. ആര്‍.ബിന്ദു പ്രസിഡന്റും എം. ബീന, എ.എസ് സുഭഗന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്.