മേപ്പാടിയിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
മേപ്പാടി : മേപ്പാടി ടൗണിന് സമീപമുള്ള കടൂർ ടാങ്ക് കുന്ന് വനത്തിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തു.
ചുളിക്ക എസ്റ്റേറ്റ് സ്വദേശികളായ ഷെൽവ പ്രമോദ് (34), വിനോദ് (മണി-33) എന്നിവരെയാണ് മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഡി.ആർ. ഹരിലാൽ, ഡെ. റെയ്ഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഏഴിന് ഉച്ചയോടെ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്നതിനിടെ വനപാലകരെ കണ്ട പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. റോഡരികിൽ വാഹനം കണ്ടതിനെത്തുടർന്ന് വനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ചന്ദനമരമോഷണം ശ്രദ്ധയിൽപ്പെട്ടത്.
വാഹനത്തിന്റെ ഉടമയായ ചുളിക്ക സ്വദേശിയായ രമേശി (45) നെ വനപാലകർ അറസ്റ്റുചെയ്തിരുന്നു. കല്പറ്റയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.