മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെട്ട പോലീസുകാരന്‍ പിടിയില്‍
പുല്‍പ്പള്ളി : മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ സിവില്‍ പോലീസ് ഓഫീസറായ മുത്തങ്ങ ആനപ്പന്തി കോളനിയിലെ സന്ദീപ് (24) ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ ഓടിച്ച കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ സന്ദീപ് കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ഗാന്ധി നഗര്‍ കോളനിയിലെ നന്ദഗോപാലിന്റെ മകന്‍ കവിന്‍ (രണ്ടര), പിതൃസഹോദരി ആതിര എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. റേഷന്‍ കടയിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ആതിരയേയും കൈയ്യിലുണ്ടായിരുന്ന കവിനേയും അതിവേഗത്തിലെത്തിയ കാര്‍ തട്ടിയിട്ട ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുളത്തുവെച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തിയെങ്കിലും ഇവിടെ നിന്നും കാര്‍ അതിവേഗത്തിലോടിച്ച് രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് വനംവകുപ്പിന്റെ നാലാം മൈലിലുള്ള ചെക്പോസ്റ്റിലേക്ക് നാട്ടുകാര്‍ വിവരം വിളിച്ചറിയിച്ചു. എന്നാല്‍ ഏറെ നേരംകഴിഞ്ഞിട്ടും വാഹനം ചെക്പോസ്റ്റിലേക്ക് എത്താതായതോടെ നാട്ടുകാര്‍ ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഇതനിടയിലാണ് ഇരുളം വട്ടപ്പാടി കോളനി പരിസരത്തുനിന്നും അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്തിയത്. വാഹനമോടിച്ച സന്ദീപിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച ശേഷം പുല്പള്ളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സന്ദീപിനെ പോലീസ് വാഹനത്തില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് സന്ദീപിനെ പോലീസ് വാഹനത്തില്‍ കയറ്റിവിട്ടത്. പോലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സന്ദീപിനെതിരെ പുല്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.