കൽപ്പറ്റയിൽ സംഘർഷം; തലയ്ക്കടിയേറ്റയാൾ മരിച്ചു : രണ്ടുപേർ കസ്റ്റഡിയിൽ
കൽപ്പറ്റയിൽ സംഘർഷം; തലയ്ക്കടിയേറ്റ് ഒരാൾ മരിച്ചു : രണ്ടുപേർ കസ്റ്റഡിയിൽ
കൽപ്പറ്റ : കൽപ്പറ്റയിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റയാൾ മരിച്ചു. കല്പറ്റ പുത്തൂർവയൽ താഴെ ലക്ഷംവീട്ടിൽ തെങ്ങുതൊടിയിൽ കോയയുടെ മകൻ നിഷാദ് ബാബു (38) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുട്ടിൽ സ്വദേശി കൊട്ടാരം ഷെരീഫ്, കല്പറ്റ ബൈപ്പാസിൽ താമസിക്കുന്ന ചക്കര ഷമീർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നിഷാദ് ബാബുവുമായുണ്ടായ വാക്‌തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്‌തർക്കത്തിനിടയിൽ പ്രതികൾ കല്ലുകൊണ്ട് നിഷാദ് ബാബുവിന്റെ മുഖത്തും തലയ്ക്കും അടിച്ചു. പരിക്കേറ്റ നിഷാദ് ബാബു ബസ്സിൽക്കയറി കല്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയെങ്കിലും കുഴഞ്ഞുവീണു. ഉടൻതന്നെ കൈനാട്ടി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവശേഷം രക്ഷപ്പെട്ട ഷെരീഫിനെയും ഷമീറിനെയും കല്പറ്റ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു. ഷെരീഫിനെ മുട്ടിലിൽനിന്നും ഷമീറിനെ കല്പറ്റയിൽനിന്നുമാണ് പിടികൂടിയത്. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷെരീഫ്, ഷമീർ എന്നിവരടക്കം നാലുപേർക്കെതിരേ പോലീസ് കേസെടുത്ത് വിട്ടയച്ചിരുന്നു. അതിനുശേഷമാണ് ഷമീറും ഷെരീഫും ബിവറേജിനുമുന്നിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.