രാഹുൽഗാന്ധിയുടെ ഇടപെടൽ : മൈസൂരു – കൽപ്പറ്റ റൂട്ടിൽ രണ്ട് സ്പെഷൽ സർവീസ് അനുവദിച്ച് കർണാടക ആർ.ടി.സി
കൽപ്പറ്റ : ഇന്നു മുതൽ സെപ്റ്റംബർ 6 വരെ മൈസൂരുവിൽ നിന്ന് കൽപ്പറ്റയിലേക്ക് കർണാടക ആർടിസി രണ്ട് സ്പെഷൽ സർവീസുകൾ നടത്തും. രാഹുൽ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഇതു സംബന്ധിച്ച ഉത്തരവിറക്കി.
ഇതേ റൂട്ടിൽ ഒരു ബസ് സർവീസ് നിലവിലുണ്ട്. ഇതിനു പുറമേയാണ് അധിക രണ്ട് ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നത്. ദിവസവും രാവിലെ 10 നും ഉച്ചയ്ക്കു 12 നും മൈസൂരുവിൽ നിന്നു കൽപ്പറ്റ വരെയും തിരികെ കൽപ്പറ്റയിൽ നിന്നു മൈസൂരു വരെ ഉച്ച കഴിഞ്ഞ് 2 നും വൈകിട്ടു 4 നുമാണ് സർവീസുകൾ.
ഉത്സവ സീസണുകളിലുള്ള യാത്രാ പ്രശ്നം പരിഹരിക്കാൻ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ സംഘടനകളും വ്യക്തികളും നിവേദനങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി എംപി കർണാടക സർക്കാരിനോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടത്.