രത്നാകരനെ കാണാതായിട്ട് 23 ദിവസം പിന്നിട്ടു : ദുരൂഹതയെന്ന് പൗരസമിതി
പുൽപ്പള്ളി : പറോട്ടിക്കവല മണ്ഡപമൂല അശോക വിലാസത്തിൽ രത്നാകരന്റെ (58) തിരോധാനം അന്വേഷിക്കണമെന്ന് പറോട്ടിക്കവല പൗരസമിതി ആവശ്യപ്പെട്ടു. അമ്മയുടെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നാകരനെ ഈ മാസം 4 മുതലാണ് കാണാതായത്. ബന്ധുക്കൾ പുൽപള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.
വീട് വിട്ടിറങ്ങിയ ഇയാളെ ആരും കണ്ടതായി സൂചനകളില്ല. 4ന് വൈകുന്നേരം 4.20ന് അമരക്കുനിയിൽ നിന്നു ബസ് കയറിയ രത്നാകരൻ പുൽപള്ളി സ്റ്റാൻഡിലിറങ്ങിയിരുന്നു.
ബസിലെ ക്യാമറയിൽ നിന്ന് ഈ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിറ്റേന്ന് 11 മണിക്ക് മൊബൈൽ ഫോൺ ആനപ്പാറ റൂട്ടിൽ വച്ച് സ്വിച്ച് ഓഫ് ആയിട്ടുണ്ട്. പിന്നീട് ഇതുവരെ ഫോൺ സിഗ്നൽ ലഭിച്ചിട്ടില്ല. ഒരേക്കർ ഭൂമിയും വീടും സ്വന്തമായുള്ള അവിവാഹിതനായ രത്നാകരന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. രത്നാകരന്റെ തിരോധാനത്തിൽ പല ദുരൂഹതകളുമുണ്ടെന്നും അതിനാൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പൗരസമിതി പറഞ്ഞു.