ചെസ് ലോകകപ്പ് ; പൊരുതിത്തോറ്റ് പ്രഗ്നാനന്ദ : കാള്‍സന് കിരീടം
ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരവും മുൻ ലോകചാമ്ബ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനോട് അടിയറവ് പറയേണ്ടിവന്നെങ്കിലും 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ അഭിമാനമുയര്‍ത്തിയാണ് 18-കാരൻ ഗ്രാൻഡ്മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ മടങ്ങുന്നത്.
വ്യാഴാഴ്ച അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ടൈ ബ്രേക്കറിലായിരുന്നു ഇന്ത്യൻ താരത്തിന്റെ തോല്‍വി. ഫിഡെയുടെ ചെസ് ലോകകപ്പില്‍ റണ്ണറപ്പായതോടെ 67 ലക്ഷത്തോളം രൂപയാണ് (80,000 ഡോളര്‍) പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുക. കിരീടം നേടിയ കാള്‍സന് 91 ലക്ഷത്തോളം രൂപയും (110,000 ഡോളര്‍) ലഭിക്കും.
വമ്ബൻതാരങ്ങളെ അട്ടിമറിച്ചെത്തിയ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ 1.5-0.5 എന്ന സ്കോറിനാണ് കാള്‍സൻ മറികടന്നത്. ടൈ ബ്രേക്കറിലെ ആദ്യ ഗെയിം കാള്‍സൻ ജയിച്ചപ്പോള്‍ രണ്ടാം ഗെയിം സമനിലയിലാകുകയായിരുന്നു. നേരത്തേ ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടുകയായിരുന്നു.
വിശ്വനാഥൻ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. ആനന്ദ് രണ്ട് വട്ടം ചാമ്ബ്യനായിട്ടുണ്ട് (2000, 2002). 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ.