മേപ്പാടി – ചൂരല്‍മല റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല ; ജനകീയ സമരസമിതി തിങ്കളാഴ്ച റോഡ് ഉപരോധിക്കും
മേപ്പാടി : മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 8 വാര്‍ഡുകളിലായി 3000 കുടുംബങ്ങളിലെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ മേപ്പാടി – ചൂരല്‍മല റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.
മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെ കാലത്ത് 43 കോടി രൂപ വകയിരുത്തുകയും കരാറുകാരന്‍ പ്രവൃത്തി തുടങ്ങുകയും ചെയ്തിരുന്നു. പുതിയ പദ്ധതി പ്രകാരം നിലവിലുള്ള റോഡ് 8 മീറ്റര്‍ വീതിയില്‍ നിന്നും 12 മീറ്റര്‍ വീതിയാക്കി മാറ്റുന്നതായിരുന്നു പദ്ധതി. ഇതിനാവശ്യമായ സ്ഥലം എച്ച.എം.എല്‍, പോഡാല്‍, എ.വി.ടി എന്നീ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. കുറച്ച് ഭാഗം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലും, ബാക്കി വരുന്ന ഭാഗം വനംവകുപ്പിന്റെ കൈവശവും ഉള്ളതാണ്. വനം വകുപ്പ് അവരുടെ ഭാഗവും സ്വകാര്യ വ്യക്തികള്‍ അവരുടെ ഉടമസ്ഥതയിലുള്ളതും റോഡിന് വേണ്ടി വിട്ടു നല്‍കി, എന്നാല്‍ എച്ച്.എം.എല്‍, പോഡാര്‍, എ.വി.ടി തുടങ്ങിയ കമ്പനികള്‍ സ്ഥലം വിട്ടു നല്‍കിയില്ല എന്ന പേരില്‍ കരാറുകാരന്‍ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ കിഫ്ബി അനുവദിച്ച ഫണ്ട് കാലാവധി തികഞ്ഞു എന്ന പേരില്‍ അവര്‍ ഫണ്ട് തിരിച്ചുപിടിച്ചു.
നിലവില്‍ ഒരു രോഗിയെ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്ക പോലും സാധിക്കാതെ ജീവനുകള്‍ പാതിവഴിയില്‍ നഷ്ടപ്പെടാവുന്ന അവസ്ഥയിലാണ് ഇന്ന് റോഡുള്ളത്. റോഡ് പ്രവര്‍ത്തിക്ക് വേണ്ടി നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ചത് കാരണം യാത്രാ ദുരിതം ഇരട്ടിയായി. നെല്ലിമുണ്ട്, ചുളിക്ക, താഞ്ഞിലോട്, കള്ളാടി, പുത്തുമല, ഏലവയല്‍, ചൂരല്‍മല, അട്ടമല, മുണ്ടക്ക, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്ന് അറിഞ്ഞിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ കാണിക്കുന്നത് കടുത്ത അനാസ്ഥയാണ്. സൂചിപ്പാറ, തൊള്ളായിരം കണ്ടി തുടങ്ങിയ വയനാട്ടിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ ദിവസേന വന്നു പോകുന്ന ഒരു പ്രദേശമായിട്ടും ഈ മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ താല്‍പര്യം കാണിക്കുന്നില്ല. നിലവില്‍ കിഫ്ബി വീണ്ടും ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനോ, താല്‍കാലികമായ യാത്രാ സംവിധാനങ്ങളൊരുക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജനകീയ രൂപീകരിച്ച് പ്രക്ഷോഭ സമരങ്ങളിലേക്ക് കടക്കുകയാണ്. ക
14.08.2023 ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ നടത്താന്‍ തീരുമാനിച്ചു. ഈ സമരം വിഷയത്തില്‍ അടിയന്തിര തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍ സമരങ്ങള്‍ക്ക് സമരസമിതി നേതൃത്വം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സമരസമിതി നേതാക്കളായ കെ.പി.യൂനസ്, സി.ശിഹാബ്, കെ.സെയ്‌നുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.