September 20, 2024

നൈപുണ്യ പരിശീലകരുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി

1 min read
Share

 

കൽപ്പറ്റ : അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്ട്രേഷൻ ഡ്രൈവിന് ജില്ലയിൽ തുടക്കമായി.

 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന രജിസ്ട്രേഷൻ ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം എൻ.ഐ ഷാജു നിർവഹിച്ചു. നല്ല തൊഴിലിന് നല്ല പരിശീലനം വേണം. മികച്ച തൊഴിൽ പരിശീലകരെ വാർത്തെടുക്കുന്നത് വഴി യുവതി യുവാക്കാളിൽ തൊഴിൽ ശേഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് എ.ഡി.എം പറഞ്ഞു.

 

നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണത്തിന് സംസ്ഥാന നൈപുണ്യ വികസന മിഷൻ ആയ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ആണ് ഡ്രൈവിന് നേതൃത്വം നൽകുന്നത്. ജില്ലയിലെ യുവതി യുവാക്കളിൽ നൈപുണ്യവും പ്രാപ്തരായ തൊഴിൽ ശേഷിയും വർദ്ധിപ്പിക്കുന്നതിന് പരിശീലകരെയും കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനം നല്കാൻ പ്രാപ്തരായവരുടെയും യോഗ്യത ഉള്ളവരുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവിധ മേഖലകളിലെ പരിശീലകരുടെ സമഗ്രമായ ഡാറ്റാബേസ് ഡ്രൈവിലൂടെ സൃഷ്ടിക്കും.

 

വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ പ്രശനം പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നത്. ഡ്രൈവിലൂടെ രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെ.എ എസ് ഇ യുടെ ടി.ഒ.ടി അക്കാദമി മുഖേനെ പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഇത്തരത്തിൽ വിവിധ മേഖലയിൽ അംഗീകത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതിൽ നിന്നും ഒരു ഡയറക്ടറി രൂപീകരിക്കുകയും അവ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യും. രജിസ്ട്രേഷൻ ഡ്രൈവ് വഴി പരിശീലകരെ രജിസ്റ്റർ ചെയ്യിക്കുന്നതിലൂടെ, നിലവിലുള്ള പരിശീലകരുടെ എണ്ണം തിരിച്ചറിയാനും അവരുടെ വൈദഗ്ധ്യം വിലയിരുത്താനും മെച്ചപ്പെടുത്തൽ ആവശ്യമായ മേഖലകൾ മനസ്സിലാക്കാനും കഴിയും. https://form.jotform.com/harshakase/trainer-registration-form ലൂടെ പരിശീലകർക്ക് രജിസ്റ്റർ ചെയ്യാം.

 

കൂടുതൽ വിവരങ്ങൾക്ക് totacademy@kase.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

 

കെ.എ.എസ്. ഇ ജില്ലാ കോർഡിനേറ്റർ വരുൺ മാടമന പദ്ധതി വിശദീകരിച്ചു. ഡി.റ്റി.പി.സി പ്രതിനിധി വി.ജെ ഷിബു, വിദ്യാഭ്യാസ വകുപ്പ് എ.പി.എഫ്.ഒ പി.ആർ ജോഷി, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, കുടുംബശ്രീ പ്രതിനിധി കെ.എസ് പ്രീത, കൽപ്പറ്റ ഗവ. ഐ.ടി.ഐ ഇൻസ്ട്രക്ടർ എസ്. ജീവൻ ജോൺ, മീനങ്ങാടി പോളി ടെക്നിക് ഇൻസ്ട്രക്ടർ എൻ.സി ജറീഷ് തുടങ്ങിയവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.