വായ്പാപരിധിയില്‍ കടുംവെട്ട് : കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമയുദ്ധത്തിന്
വായ്പാപരിധിയില്‍ കടുംവെട്ട് നടത്തിയ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനോട് നിയമോപദേശം തേടാൻ അഡ്വക്കറ്റ് ജനറലിനോട് മന്ത്രി കെ.എൻ. ബാലഗോപാല്‍ നിര്‍ദേശിച്ചു.
നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കിഫ്ബിയും പൊതുമേഖല സ്ഥാപനങ്ങളും എടുത്ത കടം സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ധനകാര്യ കമീഷന്‍റെ തീര്‍പ്പുപ്രകാരം ജി.ഡി.പി (മൊത്തം ആഭ്യന്തര ഉത്പാദനം)യുടെ മൂന്ന് ശതമാനം വായ്പയെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. പാര്‍ലമെന്‍റ് അംഗീകരിച്ച ആക്ഷൻ ടേക്കണ്‍ റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. എന്നാല്‍, കേരളത്തിന് ജി.ഡി.പിയുടെ രണ്ട് ശതമാനത്തോളം വായ്പ എടുക്കാനേ അനുവദിക്കുന്നുള്ളൂവെന്നാണ് ആക്ഷേപം.
കേന്ദ്രസര്‍ക്കാറില്‍നിന്ന് ലഭിച്ച കത്ത് പ്രകാരം 2023-24 സാമ്ബത്തിക വര്‍ഷം പൊതുവിപണിയില്‍നിന്ന് കടമെടുക്കാനുള്ള അനുമതി 20,521.33 കോടി രൂപ മാത്രമാണ്. സാമ്ബത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്ബത് മാസത്തേക്ക് 15,390 കോടി രൂപയും. ഇതില്‍ 6000 കോടിയോളം ഇതിനകം വായ്പയെടുത്തു. അവശേഷിക്കുന്ന ഒമ്ബതര മാസത്തേക്ക് പൊതുവിപണിയില്‍നിന്ന് കടമെടുക്കാൻ കഴിയുക 14,521 കോടി മാത്രം. ഇത് സംസ്ഥാനത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. വിവിധ വിഭാഗങ്ങളില്‍ വരുത്തിയ വെട്ടിക്കുറവും ബജറ്റിന് പുറത്തുള്ള കടമെടുപ്പും തട്ടിക്കിഴിച്ചാണ് കുറഞ്ഞ തുക കടമെടുപ്പിന് നിശ്ചയിച്ചത്. 15ാം ധനകാര്യ കമീഷൻ ശിപാര്‍ശ പ്രകാരം ശരാശരി കടമെടുപ്പ് പരിധി 32,442 കോടി രൂപയാണ്.
വായ്പ വെട്ടിക്കുറക്കുന്നതില്‍ കേന്ദ്രത്തിനെതിരായ നിയമനടപടി അനിവാര്യമാണെന്നും വ്യവഹാരത്തിനു പുറത്തുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താൻ സംസ്ഥാനം ശ്രമിച്ചെന്നും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. പ്രധാനമന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിനുള്ള മറുപടി നിഷേധാത്മകമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഫെഡറല്‍ സംവിധാനം സംബന്ധിച്ച സുപ്രധാന നിയമയുദ്ധമാകും ഇത്. കേന്ദ്ര സര്‍ക്കാറിന് ഇത്തരത്തില്‍ വായ്പാപരിധി വെട്ടിക്കുറക്കാൻ അവകാശമുണ്ടോ എന്നതാണ് ചോദ്യം. കിഫ്ബിയെടുക്കുന്ന വായ്പ ഓഫ് ബജറ്റ് വായ്പയാണെന്ന് അംഗീകരിച്ചാല്‍പോലും അത് എങ്ങനെ സര്‍ക്കാറിന്റെ പൊതുകടത്തിന്റെ ഭാഗമാകും? കേന്ദ്രം ഇത്തരമൊരു നടപടിക്രമമല്ല അനുവര്‍ത്തിക്കുന്നത്.
അവര്‍ ഓഫ് ബജറ്ററി വായ്പകള്‍ പൊതുകടത്തിലോ ധനക്കമ്മിയിലോ ഉള്‍പ്പെടുത്തുന്നില്ല. ഈ ഇരട്ടത്താപ്പ് നയം കേരളത്തിന്റെ കുതിപ്പിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഡോ. ഐസക്ക് പറഞ്ഞു.