മാനന്തവാടി ഗവ.കോളേജിന് സമീപം കെഎസ്ആര്‍ടിസിയുടെ ബ്രേക്ക് പോയി : റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തി ഡ്രൈവര്‍
മാനന്തവാടി: മാനന്തവാടി ഗവ.കോളേജിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് സുരക്ഷിതമായി റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തി ഡ്രൈവര്‍ മാതൃകയായി. ഡ്രൈവര്‍ പാണ്ടിക്കടവ് സ്വദേശി അണിയപ്രവന്‍ ജമാലാണ് യാത്രക്കാരുടെ രക്ഷകനായി മാറിയത്.
ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മാനന്തവാടി ഡിപ്പോയിലെ ആര്‍എ സി 561 ബസ്സിനാണ് ഇറക്കത്തില്‍ വെച്ച് ബ്രേക്ക് നഷ്ടമായത്. ഇത് മനസ്സിലാക്കിയ ഡ്രൈവര്‍ ജമാല്‍ സിഗ്‌നല്‍ കാണിച്ച് വാഹനങ്ങളെ കടത്തി വിടുകയും, എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കൈകാണിച്ച് നിര്‍ത്തിപ്പിക്കുകയും ചെയ്ത ശേഷം ബസ് സുരക്ഷിതമായി റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു.
20 ഓളം യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അഞ്ചാം മൈലിന് സമീപത്തും ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ റോഡരികിലെ മണ്‍തിട്ടയില്‍ സുരക്ഷിതമായി ഇടിച്ച് നിര്‍ത്തുകയായിരുന്നു.
നിത്യേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് കൂടിയാണിത്. ഡ്രൈവറുടെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ബസ്റ്റിലെ കണ്ടക്ടര്‍ എം.പി ദിനേശും നാട്ടുകാരും പറഞ്ഞു. ഒരു മാസം മുമ്പ് ആറാംമൈൽ മൊക്കത്തും കെഎസ്ആര്‍ടിസിയുടെ ബ്രേക്ക് പോയിരുന്നു. ബസ്സുകള്‍ക്ക് ഇടക്കിടെ ഉണ്ടാകുന്ന ഇത്തരം സാങ്കേതിക തകരാറുകള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയാണെന്നും ആരോപണമുയരുന്നുണ്ട്.