മരിയനാടിൽ കാട്ടാനയുടെ വിളയാട്ടം : മൂന്നുമാസമായി ഉറങ്ങിയിട്ടെന്ന് നാട്ടുകാർ
ഇരുളം : മരിയനാട്, കവലമറ്റം, അഴീക്കോടൻ നഗർ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ ഉറങ്ങാൻ പോലും കഴിയാതെ നാട്ടുകാർ ദുരിതത്തിൽ. ചെതലയം റെയ്‌ഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരുമാസത്തിനിടെ വ്യാപക കൃഷിനാശമാണ് കാട്ടാനയുണ്ടാക്കിയത്. കഴിഞ്ഞരാത്രിയിൽ മരിയനാട് പുറക്കാട്ട് ബേബിയുടെ വീട്ടുമുറ്റത്ത് ആനയെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലർച്ചെ രണ്ടുമണിയോടെ കൊമ്പൻ വീട്ടുമുറ്റത്തെത്തിയത് വീട്ടുകാരറിഞ്ഞത്. ഒരു മാസത്തിനിടെ അയ്യായിരത്തോളം വാഴകളാണ് കാട്ടാന പ്രദേശത്ത് നശിപ്പിച്ചത്.
തെങ്ങ്, കമുക് തുടങ്ങിയ വിളകളും ആന നശിപ്പിക്കുകയാണ്. വനാതിർത്തിയിൽ കിടങ്ങ് നവീകരിക്കാത്തതാണ് ആന സ്ഥിരമായി ജനവാസമേഖലയിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം കൃഷിയിടത്തിലെത്തിയ കാട്ടുകൊമ്പൻ പൊരുന്നക്കൽ ശശിധരൻ, പുറക്കാട്ട് സിബി, വിനോദ് കുമാർ, പെരിങ്ങലത്ത് സുമതി എന്നിവരുടെ കൃഷി നശിപ്പിച്ചു.
വനാതിർത്തിയിലെ കന്മതിൽ തകർന്നുകിടക്കുന്നതും ആന നാട്ടിലിറങ്ങുന്നതിന് വഴിയൊരുക്കുകയാണ്. പലയിടത്തും വൈദ്യുതവേലി പ്രവർത്തനക്ഷമമാക്കാത്തതും ആനയെത്തുന്നതിന് കാരണമായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ മൂന്നു മാസത്തിലേറെയായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വീട്ടുമുറ്റങ്ങളിലും കാട്ടാന പതിവായെത്തുന്നതോടെ ഭീതിമൂലം ഒന്നുറങ്ങിയിട്ട് മൂന്നു മാസമായെന്ന് നാട്ടുകാർ പറയുന്നു.