ഇതുകൊണ്ടൊന്നും തന്നെ നിശബ്ദനാക്കാന്‍ പറ്റില്ല; അയോഗ്യത കല്‍പ്പിച്ചത് മോദിയുടെ ഭയം: മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍
ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ ആക്രമണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്കു മുന്നില്‍. അദാനി വിഷയത്തിലാണ് കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രാഹുല്‍ കടന്നാക്രമിച്ചത്. അദാനിക്കു വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് താന്‍ മുമ്പ്പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
‘പാര്‍ലമെന്റില്‍ നടത്തിയ എന്റെ പസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കര്‍ക്ക് താന്‍ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാര്‍ എന്നെക്കുറിച്ച് നുണ പറഞ്ഞു, ഞാന്‍ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയൊന്നും ഞാന്‍ ചെയ്തില്ല. അതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല, പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ ഞാന്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും’ രാഹുല്‍ പറഞ്ഞു.
‘അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാന്‍ ഉന്നയിച്ചത്. അദാനി ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ ബന്ധം സഭയില്‍ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട.’ രാഹുല്‍ വ്യക്തമാക്കി.
‘അദാനി – മോദി ബന്ധം തെളിയിക്കാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാല്‍ പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കര്‍ക്ക് പലതവണ കത്തു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഞാന്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാര്‍ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേ. അതിന്റെ തെളിവുകള്‍ ദൈനംദിനം നമുക്കു ലഭിക്കുന്നുമുണ്ട്’ രാഹുല്‍ ചൂണ്ടിക്കാട്ടി.
‘ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് ഞാന്‍ പിന്മാറില്ല. അയോഗ്യനാക്കിയും ജയിലിലടച്ചും എന്നെ നിശബ്ദനാക്കാമെന്ന് കരുതിയാല്‍ അവര്‍ക്കു തെറ്റി. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ജനാധിപത്യത്തിനായി പോരാട്ടം തുടരുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരടി പോലും പിന്നോട്ടില്ല’ രാഹുല്‍ പറഞ്ഞു.
‘ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയാലും ഞാന്‍ എന്റെ ജോലി തുടരും. അദാനിയെക്കുറിച്ച് ഞാന്‍ അടുത്തത് എന്തായിരിക്കും പറയാന്‍ പോകുന്നതെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ നേരിട്ടു കണ്ടതാണ്. അതുകൊണ്ടാണ് ആദ്യം ആക്രമിച്ചും പിന്നീട് അയോഗ്യനാക്കിയും ഭയപ്പെടുത്താനുള്ള ശ്രമം. സര്‍ക്കാരിന്റെ ഈ പ്രതികരണം കൊണ്ട് ഏറ്റവും ഗുണം ലഭിക്കാന്‍ പോകുന്നത് പ്രതിപക്ഷത്തിനാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാല്‍ അദാനിയാണ്, അദാനിയെന്നാല്‍ രാജ്യവും. ഈ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്താനാണ് എന്റെ പോരാട്ടം. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നത് അതിന്റെ ഭാഗമാണ്. ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന്റെ ഭാഗം തന്നെ. അദാനിയേപ്പോലുള്ള ആളുകള്‍ക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരോടു പറയുന്നതും അതിന്റെ ഭാഗം തന്നെ’ രാഹുല്‍ പറഞ്ഞു.