കാർ ഡ്രൈവറുടെ അശ്രദ്ധ ; മൂപ്പൈനാടിൽ പൊലിഞ്ഞത് അമ്മയുടെയും മകളുടേയും ജീവൻ
മേപ്പാടി : മൂപ്പൈനാടിൽ കാർ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ഓട്ടോറിക്ഷ യാത്രികരായ വടുവന്‍ചാല്‍ അമ്പലക്കുന്ന് കോട്ടയക്കുടിയില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (80), മകള്‍ മോളി (58) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 5.30 ഓടെ ചുണ്ട – ഊട്ടി റോഡില്‍ മേപ്പാടി ടൗണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മൂപ്പൈനാടിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്രചെയ്ത കാർ റോംഗ് സൈഡിലൂടെ എത്തി രണ്ട് ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. ഓട്ടോഡ്രൈവര്‍ കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കണ്ടി ഖാലിദ്(50), കാര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി പുരുഷോത്തമന്‍(26) എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട മറ്റൊരു ഓട്ടോയിലെ ഡ്രൈവര്‍ ലതീഷ്(38) പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നു ഓട്ടോ വാടകയ്ക്കുവിളിച്ച് വടുവന്‍ചാലിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകളും. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍നിന്നു നാട്ടുകാരാണ് മറിയക്കുട്ടിയെയും മോളിയെയും പുറത്തെടുത്ത് അരപ്പറ്റയിലെ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ ഇരുവരും മരിച്ചു.
കാർ റോഡിന് നടുവിലെ വെള്ളവരയും താണ്ടി നിയന്ത്രണം തെറ്റി ഓട്ടോറിക്ഷകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഇന്ന് രാവിലെ സുല്‍ത്താന്‍ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.
കാരച്ചാല്‍ സ്വദേശി ബേബിയുടെ ഭാര്യയാണ് മോളി. റിജോയ്, അമ്പിളി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഓമന, ശോഭ, പരേതനായ ബേബി.