രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു ; കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെ പുരോഗതിക്ക് ഐക്യത്തോടെ നില്‍ക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന എന്‍.സി.സി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഐക്യത്തിന്റെ മന്ത്രമാണ് എല്ലാത്തിനുമുള്ള പ്രതിവിധി. ഐക്യത്തിന്റെ മന്ത്രം ഒരു പ്രതിജ്ഞയാണ്, അത് ഇന്ത്യയുടെ ശക്തിയുമാണ്. ഐക്യത്തിലൂടെ മാത്രമേ ഇന്ത്യ പുരോഗതി കൈവരിക്കുകയുള്ളൂ’ -നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിദ്വേഷകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.