കൽപ്പറ്റയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി 4 ലക്ഷം രൂപ കവര്‍ന്നതായി പരാതി
കല്‍പ്പറ്റ : കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ നിന്നും യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ലക്ഷങ്ങള്‍ കവര്‍ന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കറെന്നയാളാണ് പരാതിക്കാരന്‍.
കൊടുവള്ളിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കല്‍പ്പറ്റ സ്റ്റാന്റിലിറങ്ങിയ ഉടന്‍ ബസിലെ യാത്രക്കാരനായിരുന്ന ഒരാളും, ഇന്നോവ കാറിലെത്തിയ മൂന്ന് പേരും ചേര്‍ന്ന് വലിച്ച് വണ്ടിയില്‍ കയറ്റി കൊണ്ട് പോയതായാണ് പരാതി. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന 4 ലക്ഷത്തോളം രൂപ കവര്‍ന്ന ശേഷം വെങ്ങപ്പള്ളിയില്‍ ഇറക്കിവിട്ടതായും പറയുന്നു.
തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കെ.എല്‍ 13 എ.എ 8182 ഇന്നോവ കാര്‍ മാനന്തവാടി ഗവ.ഹൈസ്‌ക്കൂളിന് സമീപം പിന്നീട് അപകടത്തില്‍പ്പെടുകയും ചെയ്തു. അമിത വേഗത്തിലെത്തിയ കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനും, ക്രെയിനിനും ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ചയുടന്‍ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഇറങ്ങിയോടിയതായി നാട്ടുകാര്‍ പറഞ്ഞു.
അബൂബക്കര്‍ മുന്‍പ് സഞ്ചരിച്ചിരുന്ന ബസില്‍ തന്നെയാണ് പിന്നീട് കാറിടിച്ച് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് കല്‍പ്പറ്റ പോലീസ് കേസെടുത്ത്ഊ ര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ അപകട സ്ഥലത്തെത്തി വാഹനം വിശദമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. സി.സി ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.