ഇരട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായപദ്ധതി അനിവാര്യം – മന്ത്രി റോഷി അഗസ്റ്റിൻ
കൽപ്പറ്റ: ഒറ്റ പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ജനിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന മനഃശാത്രപരവും, ആരോഗ്യ പരവും, സാമൂഹ്യ പരവുമായ പ്രശ്നങ്ങൾ സമൂഹം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിഷയം അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൽപ്പറ്റക്കടുത്ത് ഇടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ആഭിമുഘ്യത്തിൽ നടന്ന ഇരട്ടകളുടെ സംഗമം യുഗ്മ -2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ മേഖല കേന്ദ്രികരിച്ചു നടന്ന സംഗമത്തിൽ 318 ഇരട്ടകളും അവരുടെ മാതാപിതാക്കൾ അടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഇരട്ടകളെയും മാതാപിതാകളെയും ചടങ്ങിൽ ആദരിച്ചു. കൽപ്പറ്റ ഫെറോന വികാരി ഫാ :മാത്യു പെരിയപ്പുറം അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടൻ, വിവിധ രാഷ്ട്രീയ സംസ്ക്കാര നേതാക്കളായ എൻ.ഡി അപ്പച്ചൻ, എ.ഡി സെബാസ്റ്റ്യൻ, കെ.ജെ ദേവസ്യ, കെ.ശ്രീനിവാസൻ, എൻ.കെ റഷീദ്, ജോസഫ് മാണിശ്ശേരി, ഷീബ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചെയർമാൻ ഫാ :ജോസഫ് തോമസ് തേരകം സ്വാഗതവും അഡ്വ:റെജിമോൾ സജയൻ നന്ദിയും പറഞ്ഞു.