ജാഗ്രത ശക്തമാക്കി ഇന്ത്യ : ചൈനയടക്കം നാലു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ചൈനയില്‍ കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി ഇന്ത്യ. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് രാജ്യത്തെത്തുന്നവര്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.ചൈനയില്‍ വ്യാപിക്കുന്ന ബി.എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ഇവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ, കോവിഡ് സ്ഥിരീകരിക്കുകയോ ചെയ്താല്‍ അവരെ ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഓക്സിജന്‍ ക്ഷാമം ഒഴിവാക്കാനുള്ള നടപടികളും ശക്തമാക്കും. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ ഓക്സിജന്‍ പ്ലാന്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കുകയും അവ പരിശോധിക്കുന്നതിന് പതിവായി മോക്ക് ഡ്രില്ലുകള്‍ നടത്തുകയും വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആരോഗ്യ കേന്ദ്രങ്ങളില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ (എല്‍.എം.ഒ) ലഭ്യതയും അവ വീണ്ടും നിറക്കുന്നതിനുള്ള തടസ്സമില്ലാത്ത വിതരണ ശൃംഖലയും ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.