കോവിഡ് വൈറസ് മനുഷ്യ നിർമിതം: ചൈനയിലെ ലാബിൽ ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തൽ
കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യു.ഐ.വി ) നിന്നു ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ. വൈറസ് മനുഷ്യ നിർമിതമാണെന്നും യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് അവകാശപ്പെട്ടു.
‘ദ് ട്രൂത്ത് എബൗട്ട് വു ഹാൻ’ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ അവകാശവാദം. യു.എസ് സർക്കാരിന്റെ സഹായത്തോടെ വുഹാൻ ലാബിൽ കൊറോണ വൈറസുകളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന്റെ അനന്തരഫലമാണ് സാർസ്-കോവി-2 എന്ന് ഹഫ് തന്റെ പുസ്തകത്തിൽ പറയുന്നു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ‘ഇക്കോഹെൽത്ത് അലയൻസി’ന്റെ മുൻ വൈസ് പ്രസിഡന്റാണ് ഹഫ്.
ഭാവിയിൽ മനുഷ്യരുൾപ്പെടെയുള്ള ജീവികളെ ബാധിക്കാനിടയുള്ള വൈറസുകളെ ലാബിൽ ഉണ്ടാക്കാനും അവ ബാധിച്ചാൽ എങ്ങനെ നേരിടാമെന്നു പഠിക്കാനും വർഷങ്ങളായി ഇക്കോഹെൽത്ത് അലയൻസ് വുഹാൻ ലാബിനെ സഹായിക്കുന്നുണ്ട്.
വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നുതന്നെ ഇത് ലാബിലുണ്ടാക്കിയതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് ഹഫ് പറയുന്നു.