കണിയാരത്ത് കാറിന് തീപ്പിടിച്ച് ടെക്സ്റ്റയില്‍സ് ഉടമ മരിച്ചു
മാനന്തവാടി : കണിയാരത്ത് കാറിന് തീപ്പിടിച്ച് വ്യാപാരി കാറിനകത്ത് വെന്തുമരിച്ച നിലയിൽ. കണിയാരം ഫാദര്‍ ജികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം റബര്‍തോട്ടത്തിന്റെ പരിസരത്താണ് കാര്‍ കത്തിനശിച്ചത്. കാറിനകത്ത് കത്തി കരിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം കണ്ണൂര്‍ കേളകം മഹാറാണി ടെക്സ്റ്റയില്‍സ് ഉടമ മാത്യുവാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പോലീസ് വ്യക്തമാക്കി.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകള്‍ വെച്ച് സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നുച്ചയോടെയാണ് സംഭവം. ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്. മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.